പിറവത്ത് മലിനജലം പുഴയിലേക്ക് : മത്സ്യങ്ങൾ ചത്തുപൊങ്ങി
1585261
Thursday, August 21, 2025 4:11 AM IST
പിറവം: പാലത്തിന് സമീപം പുഴയിലേക്ക് മലിനജലം ഒഴുക്കിയതിനെത്തുടർന്ന് മത്സ്യങ്ങൾ ചത്തുപൊങ്ങി. ഇന്നലെ ഉച്ചയോടെ ചാപ്പൽ പള്ളിക്ക് സമീപമുള്ള ഓടയുടെ ഭാഗത്തുനിന്നുമാണ് മലിനജലം പുഴയിൽ കലർന്നത്. ടൗണിൽനിന്നും ഒഴുകിയെത്തുന്നതാണ് ഈ മലിനജലം.
പ്രദേശത്ത് ചൂണ്ടയിട്ട് മീൻപിടിച്ചുകൊണ്ടിരുന്നവരാണ് ഇത് ആദ്യം കണ്ടത്. ചുവന്ന കളറോട് കൂടിയ മലിനജലം പുഴയിലേക്ക് എത്തിയതോടെ മത്സ്യങ്ങൾ ചത്തു പൊങ്ങുകയായിരുന്നു. ചത്ത മത്സ്യങ്ങൾ പുഴയിലെ ഒഴുക്കിൽ ഒഴുകിപ്പോയി.
ടൗണിലെ ഹോട്ടലുകളിലെയടക്കം മാലിന്യം ഒഴുകിയെത്തുന്നത് ഇവിടുത്തെ ഓവ് ചാലിലൂടെയാണ്. ഇതു സംബന്ധിച്ചു നേരത്തെ മുതൽ പരാതിയുള്ളതാണങ്കിലും പരിഹരിക്കാനുള്ള നടപടിയൊന്നും സ്വീകരിക്കാറില്ല.
നഗരസഭ ഹെൽത്ത് വിഭാഗം പരിശോധന നടത്തി ടൗണിലെ ഒരു ഹോട്ടലുടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരുടെ മലിനജലം ശേഖരിച്ചിരുന്ന ടാങ്കിൽ നിന്നും പമ്പ് ചെയ്ത് ഓടയിലൂടെ ഒഴുക്കിയതാണന്നാണ് കണ്ടെത്തിയിരിക്കുന്നത്.