സിബിഎസ്ഇ ക്ലസ്റ്റര്‍ 11 അത്ലറ്റിക് മീറ്റ് : മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്കൂള്‍ മുന്നില്‍
1585279
Thursday, August 21, 2025 4:54 AM IST
കൊച്ചി: തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള സിബിഎസ്ഇ സ്കൂളുകളുടെ ക്ലസ്റ്റര്‍ 11 അത്ലറ്റിക് മീറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്കൂള്‍ തേരോട്ടം തുടങ്ങി. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തിരിതെളിഞ്ഞ മീറ്റില്‍ 37 ഫൈനല്‍ പൂര്‍ത്തിയായപ്പോള്‍ 158 പോയന്റുമായാണ് കാര്‍മലിന്റെ കുതിപ്പ്.
885 പോയന്റോടെ എറണാകുളം ജില്ല ഒന്നാമതാണ്. ഇടുക്കിയും തിരുവനന്തപുരവുമാണ് യഥാക്രമം രണ്ടും മൂന്നാം സ്ഥാനങ്ങളില്‍. ആദ്യ 10 സ്ഥാനത്തുള്ള ഏഴ് സ്കൂളുകളും എറണാകുളം ജില്ലയില്‍ നിന്നുള്ളവയാണ്. ആണ്‍കുട്ടികളില്‍ വടുതല ചിന്മയ വിദ്യാലയയിലെ സയാന് ഫൈസലും പെണ്‍കുട്ടികളില്‍ തൃക്കാക്കര ഭവന്‍സ് വരുണ വിദ്യാലയത്തിലെ അഞ്ജലി പി.ജോഷിയും വേഗതാരങ്ങളായി.
അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 20 പോയന്റുമായി എളമക്കര ഭവന്‍സ് വിദ്യാമന്ദിറും തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് റസിഡന്റ് സ്കൂളും ഒപ്പത്തിനൊപ്പമാണ്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ ആണ് മുന്നില്‍(17).അണ്ടര്‍ 17 ബോയ്സിൽ വടുതല ചിന്മയ വിദ്യാലയം 32 പോയന്റുമായി മുന്നിലുണ്ട്.
ഗേൾസിൽ മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്കൂളാണ് (38)ഒന്നാമത്. അണ്ടര്‍ 19 ആണ് വിഭാഗത്തിലും മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്കൂള്‍ ആധിപത്യം സ്ഥാപിച്ചു (52). 35 പോയിന്റുള്ള കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയയാണ് പെണ്‍വിഭാഗത്തില്‍ മുന്നില്‍.
കനത്ത മഴകാരണം ഇന്നലെ രാവിലെ 6.30ന് തുടങ്ങേണ്ട മത്സരങ്ങള്‍ വൈകിയാണ് ആരംഭിച്ചത്. അവസാന ദിനമായ ഇന്ന് 200 മീറ്റര്‍, 800 മീറ്റര്‍, ജാവലിന്‍ത്രോ ഉള്‍പ്പെടെ 37 ഇനങ്ങളിലാണ് ഫൈനല്‍.
കബഡി സംസ്ഥാന താരത്തിന് ലോംഗ് ജംപില്‍ സ്വര്‍ണം
കൊച്ചി: സിബിഎസ്ഇ ക്ലസ്റ്റര്‍ 11 അത്ലറ്റിക് മീറ്റില്‍ സംസ്ഥാന കബഡി താരം കൂടിയായ കാക്കനാട് ഭവന്‍സ് ആദര്‍ശ് വിദ്യാലയത്തിലെ അഫ്രീന് ഷക്കീലിന് സ്വര്‍ണം. പെണ്‍കുട്ടികളുടെ അണ്ടര്‍ 19 ലോംഗ് ജംപിലാണ് ദേശീയ സ്വര്‍ണ നേട്ടക്കാരികൂടിയായ അഫ്രീന് ഒന്നാമതെത്തിയത്. 4.85 മീറ്ററിലായിരുന്നു നേട്ടം.
റായ്പൂരില്‍ നടന്ന ദേശീയ സിബിഎസ്ഇ സ്കൂള്‍ മീറ്റില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ അഫ്രീന് സ്വര്‍ണം നേടിയിരുന്നു. അന്ന് 5.10 മീറ്റര്‍ എന്ന മികച്ച ദൂരം കുറിച്ചെങ്കിലും ഇന്നലെ ഈ മികവ് പുലര്‍ത്താനായില്ല.
വാരണാസിയില്‍ നടന്ന ദേശീയ മീറ്റില്‍ 5.15 മീറ്റര്‍ താണ്ടിയെങ്കിലും നാലാം സ്ഥാനത്ത് തൃപ്തിപ്പെടേണ്ടിവന്നു. കാക്കനാട് സ്വദേശികളായ ഷക്കീല്‍-ഷഫ്ന ദമ്പതികളുടെ മകളാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ അഫ്രീന്.