കിഴക്കമ്പലം-നെല്ലാട് റോഡ് തകർന്നു
1585264
Thursday, August 21, 2025 4:11 AM IST
കിഴക്കമ്പലം : മൂന്നു മാസം മുന്പ് മുപ്പതു കോടി രൂപയോളം ചെലവഴിച്ച് നിർമിച്ച കിഴക്കമ്പലം-നെല്ലാട് റോഡ് തകർന്നു. പട്ടിമറ്റം ജംഗ്ഷനു സമീപത്തുള്ള റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്ത ഭാഗമാണ് തകർന്നത്. ഈ ഭാഗത്തുള്ള റോഡ് മുഴുവനായും ഏതു സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലായതിനാൽ ഈ ഭാഗത്തുകൂടി സഞ്ചരിക്കാതിരിക്കാൻ അടച്ചു കെട്ടിയ നിലയിലാണ്.
റോഡ് നിർമാണം നടക്കുന്പോൾ തന്നെ ഈ ഭാഗത്ത് കാന നിർമിക്കണമെന്ന കാര്യം പിഡബ്ല്യുഡി അസി.എക്സിക്യൂട്ടീവ്എൻജിനിയറെ കണ്ട് പരിസരവാസികൾ ധരിപ്പിച്ചിരുന്നു. എന്നാൽ യാതൊരു നടപടിയുമുണ്ടായില്ലെന്ന് പ്രദേശത്തെ വാർഡ് മെന്പർ ടി.എ. ഇബ്രാഹിം പറഞ്ഞു. റോഡിന്റെ ഉദ്ഘാടനം നടന്നപ്പോഴുണ്ടായിരുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥരെല്ലാം ഇപ്പോൾ സ്ഥലം മാറിപ്പോയി.
പട്ടിമറ്റം എരുമപ്പാറ ഭാഗത്ത് എച്ച്പി പമ്പിനോട് ചേർന്ന് റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്യാത്തതും കാൽനട യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്തിയ റോഡിന്റെ ഉദ്ഘാടനം മന്ത്രി ഓൺലൈയിനിലും സ്ഥലം എംഎൽഎ നേരിട്ട് എത്തിയുമാണ് മൂന്ന് മാസങ്ങൾക്കു മുമ്പ് നിർവഹിച്ചത്.