പ്ലൈവുഡ് കമ്പനിക്കെതിരേ പഞ്ചായത്ത്
1585677
Friday, August 22, 2025 4:34 AM IST
മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന പ്ലൈവുഡ് കമ്പനിക്ക് കെ സ്വിഫ്റ്റ് വഴി ലഭിച്ചിരിക്കുന്ന ലൈസന്‍സും കെട്ടിട നിര്‍മാണ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരക്കുഴ പഞ്ചായത്തിലെ മുഴുവന്‍ ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് മന്ത്രി പി. രാജീവിന് നിവേദനം നല്കി. ഭരണസമിതിയുടെയും പ്രദേശവാസികളുടെയും എതിര്‍പ്പിനെയും പരാതികളെയും മറികടന്ന് കെട്ടിട നിര്‍മാണ പെര്‍മിറ്റും കെ സ്വിഫ്റ്റ് വഴി ലൈസന്‍സും കരസ്ഥമാക്കിയതിനുള്ള ആശങ്ക മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
പ്ലൈവുഡ് കമ്പനി തുടങ്ങാന്‍ ഉദേശിക്കുന്ന സ്ഥലത്തിന് താഴ്ഭാഗത്തായി നൂറുകണക്കിന് കുടുംബങ്ങള്‍ ഉപയോഗിച്ചുവരുന്ന കുടിവെള്ള സ്രോതസായ രണ്ട് പൊതു കിണറുകളുണ്ട്. അതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പ്ലൈവുഡ് കമ്പനിക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു.
കെ സ്വിഫ്റ്റ് ലൈസന്‍സുള്ളതിനാല്‍ സ്വാഭാവികമായും പഞ്ചായത്ത് ഭരണസമിതിയെ നോക്കുകുത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നതിനാല്‍ നല്‍കിയിട്ടുള്ള പെര്‍മിറ്റും ലൈസന്‍സും റദ്ദ് ചെയ്ത് ഉത്തരവ് ഉണ്ടാകണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിച്ച് ആരോഗ്യകരമായ സൈ്വര്യ ജീവിതത്തിന് വേണ്ട സാഹചര്യം ഒരുക്കണമെന്നും പ്രസിഡന്റ് ലിസിത മോഹനനും വൈസ് പ്രസിഡന്റ് ബിജു തോട്ടുപുറവും മന്ത്രിയോട് അഭ്യര്‍ഥിച്ചു.
ഭരണസമിതിയംഗങ്ങളായ ഓമന മോഹനന്, ജിജു ഓണാട്ട്, ദീപ്തി സണ്ണി, സെലിന് ചെറിയാന്, ഷീജ അജി, സുനിത വിനോദ്, സാബു പൊതൂര്‍, ആല്‍ബി ആല്ബിന്, വിഷ്ണു ബാബു, ജാന്‍സി മാത്യു, സിബി കുര്യാക്കോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.