റെഡ് അലർട്ട്,, വെള്ളക്കെട്ട്
1581645
Wednesday, August 6, 2025 2:17 AM IST
തൃശൂർ: റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന ജില്ലയിൽ ഇന്നലെ പെയ്ത അതിതീവ്രമഴ ജനങ്ങളെ ദുരിതത്തിലാക്കി. നഗരത്തിൽ ഉൾപ്പെടെ പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി. റോഡുകൾ തോടുകളായതോടെ ഗതാഗതവും താറുമാറായി. നഗരത്തിൽതന്നെ ഇക്കണ്ടവാര്യർ റോഡ്, ശക്തൻ, എംജി റോഡ്, അക്വാട്ടിക് ലെയ്ൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
അക്വാട്ടിക് ലെയ്നിൽ വീടുകളിൽ വെള്ളംകയറി ഗൃഹോപകരണങ്ങളും ഫർണീച്ചറുകൾക്കും കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞവർഷവും ഈ പ്രദേശത്തു വീടുകളിൽ വെള്ളംകയറിയിരുന്നു.
പുത്തൂർ വെട്ടുകാട് പുഴ കരകവിഞ്ഞൊഴുകിയത് ജനങ്ങളെ ആശങ്കയിലാക്കി. പുത്തൂർ, വെട്ടുകാട്, ഏഴാംകല്ല് എന്നിവിടങ്ങളിലും വീടുകളിലും റോഡുകളിലും വെള്ളംകയറി. പാലപ്പിള്ളിയിൽ പഞ്ചായത്ത് അംഗം എം.ബി. ജലാൽ, അരീപ്പുറം മൈമുന, വലയംപാറയിൽ നാണി എന്നിവരുടെ വീടുകളിൽ വെള്ളംകയറി.
പാലയ്ക്കൽ - ചേർപ്പ് റോഡ്, മുളങ്കുന്നത്തുകാവ്, മുക്കാട്ടുകര - മണ്ണുത്തി റോഡ്, പുത്തൂർ - മാന്ദാമംഗലം റോഡ് എന്നിവിടങ്ങളിൽ രൂപപ്പെട്ട കനത്ത വെള്ളക്കെട്ട് ഗതാഗതം തടസപ്പെടുത്തി. മഴയുടെ തീവ്രത വർധിച്ചതോടെ അതിരപ്പിള്ളി, വാഴച്ചാൽ എന്നിവിടങ്ങളിലും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
മഴപെയ്തതോടെ റോഡുകളിൽ കുഴികൾ പ്രത്യക്ഷപ്പെട്ടത് അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. ഇന്നും ജില്ലയിൽ ശക്തമായ മഴയ്ക്കു സാധ്യത പ്രവചിച്ചിട്ടുണ്ട്. യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അശ്വനി ആശുപത്രിയുടെ
പ്രവർത്തനം തടസപ്പെട്ടു
തൃശൂർ: കനത്തമഴയിൽ അശ്വനി ആശുപതിയുടെ മുന്നിലും പരിസരത്തും പാർക്കിംഗ് ഗ്രൗണ്ടിലും സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടായ വെള്ളക്കെട്ടിനെതുടർന്ന് ആശുപതിയുടെ പ്രവർത്തനം ഒരുമണിക്കൂറോളം തടസപ്പെട്ടു.
ഇനിയും ഇത്തരത്തിൽ വെള്ളക്കെട്ടുപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് ആശുപത്രി മാനേജ്മെന്റ് ആവശ്യപ്പെട്ടു.