വാഴാനി ഫോറസ്റ്റ് സ്റ്റേഷന്റെ പ്രവർത്തനം അകമലയിലേക്കു മാറ്റില്ല
1582423
Saturday, August 9, 2025 1:01 AM IST
വടക്കാഞ്ചേരി: ദീപിക വാർത്ത ശ്രദ്ധയിൽപ്പെട്ട എംഎൽഎയുടെ ഇടപെടലിൽ വാഴാനി ഫോറസ്റ്റ് സ്റ്റേഷന്റെ പ്രവർത്തനം അകമലയിലേക്കുമാറ്റില്ല. വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ അകമലയിലേക്ക് മാറ്റുന്നതായുള്ള വാർത്തയാണ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ ശ്രദ്ധയിൽപ്പെട്ടത്.
വനംമന്ത്രിയുടെ ഓഫീസുമായി നടത്തിയ അടിയന്തര ഇടപെടലിനെത്തുടർന്ന് ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന് ഡിഎഫ്ഒ പുതിയ ഉത്തരവിറക്കിയതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. മച്ചാട്, വടക്കാഞ്ചേരി റേയ്ഞ്ചുകളിലെ വനാതിർത്തികളിൽ കാട്ടാനശല്യവും വന്യമൃഗ ഭീതിയും നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നത്. നിർത്തലാക്കിയ അകമല ഫോറസ്റ്റ് സ്റ്റേഷൻ പുന:സ്ഥാപിക്കുകയാണുവേണ്ടത്.
കൂടുതൽ വാച്ചർമാരെ നിയോഗിച്ച് പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ഇതിനുപകരം വാഴാനിയിലെ ഫോറസ്റ്റ് സ്റ്റേഷൻ അകമലയിലേക്കുമാറ്റി ക്രമീകരണം നടത്തിയതായി ഉത്തരവിറങ്ങിയ സാഹചര്യം പരിശോധിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.