അരിസ്റ്റോ റോഡ് ഉദ്ഘാടനം മാറ്റിയതിൽ പ്രതിഷേധം
1581653
Wednesday, August 6, 2025 2:17 AM IST
തൃശൂര്‍: തീയതിയും സമയവും ഉദ്ഘാടകനെയും തീരുമാനിച്ചശേഷം തലേന്നാൾ യാതൊരു കാരണവുമില്ലാതെ അരിസ്റ്റോ റോഡ് ഉദ്ഘാടനം നീട്ടിയതിൽ പ്രതിപക്ഷ കൗൺസിലർമാരുടെയും നാട്ടുകാരുടെയും പ്രതിഷേധം.
ഇന്നു വൈകീട്ട് നാലിനു മേയർ ഉദ്ഘാടനംചെയ്യുമെന്നു നോട്ടീസിലൂടെ അറിയിച്ചിരുന്ന പരിപാടി 12നു മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിർവഹിക്കുമെന്നാണ് മേയർ ഒടുവിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ മുൻകൂട്ടി തീരുമാനിച്ചപ്രകാരം ഇന്നു വൈകീട്ട് നാലിനുതന്നെ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നു പ്രതിപക്ഷനേതാവ് രാജൻ പല്ലൻ പറഞ്ഞു.
പൊട്ടിപ്പൊളിഞ്ഞ് വാഹനയാത്രികർക്കു സ്ഥിരം തലവേദന സൃഷ്ടിച്ചിരുന്ന റോഡ് ഒന്നരക്കോടി ചെലവിട്ടാണു ടൈല്‍സ് വിരിച്ചത്. ആദ്യം ഇന്നലെ ഉദ്ഘാടനം നിശ്ചയിക്കുകയും എന്നാൽ കൗൺസിൽ ഉള്ളതിനാൽ മേയറുടെ നിർദേശപ്രകാരം ഇന്നത്തേക്കു മാറ്റുകയുമായിരുന്നു. ഇപ്രകാരം മേയറെ ഉദ്ഘാടകനും കൗൺസിലർ ലീലടീച്ചറെ അധ്യക്ഷയാക്കിയും നോട്ടീസും അച്ചടിച്ചു.
നോട്ടീസിൽ കൗൺസിലർ സിന്ധു ആന്റോ ചാക്കോള, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, വർഗീസ് കണ്ടംകുളത്തി, രാജൻ പല്ലൻ, കരോളിൻ എന്നിവരുടെയെല്ലാം ഫോട്ടോയും വച്ചിരുന്നു.
എന്നാൽ, തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ഭരണപക്ഷത്തുള്ള ചിലർ മേയറെ ഉദ്ഘാടനത്തിൽനിന്നു വിലക്കുകയും പാർട്ടിപരിപാടിയാക്കി മാറ്റാൻ മന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ പദ്ധതിയിടുകയുമായിരുന്നു. തുടർന്ന് അവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് മേയർ ഉദ്ഘാടനം മാറ്റിയതെന്നു രാജൻ പല്ലൻ കുറ്റപ്പെടുത്തി.