ടോൾ കരാർ കമ്പനിയെ പുറത്താക്കാൻ സർക്കാർ തയാറാവണം: ജോസഫ് ടാജറ്റ്
1582157
Friday, August 8, 2025 1:19 AM IST
തൃശൂർ: പാലിയേക്കര ടോൾ കരാർ കമ്പനിയുടെ വീഴ്ചകളും ലംഘനങ്ങളും ഹൈക്കോടതി ശരിവച്ച സാഹചര്യത്തിൽ ടോൾ കരാർ കമ്പനിയെ പുറത്താക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നു ഡിസിസി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് പത്രസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന്റെ ഇരട്ടത്താപ്പ് ജനങ്ങൾക്കു ബോധ്യപ്പെട്ടിട്ടുണ്ട്. നിയമപോരാട്ടങ്ങൾ പൊതുജനത്തെ ഏൽപ്പിക്കാതെ സർക്കാർ ഏറ്റെടുക്കണം. ടോൾ കരാർ ത്രികക്ഷികരാറിലെ കക്ഷിയായ സർക്കാർ ഉത്തരവാദിത്വം നിർവഹിക്കണം. സ്വാഭാവികമായും കരാർ കമ്പനിയും എൻഎച്ച്എഐയും ഹൈക്കോടതിവിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കും. അതിനെതിരേ സർക്കാർ സുപ്രീം കോടതിയിൽ ഹാജരായി കേസ് നടത്തണം.
സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയും യാത്രാസൗകര്യവും സുഗമമാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണെന്നു കോടതി കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളുടെ യാത്രാസൗകര്യം തകരാറിലായെന്നും കോടതി പരാമർശിച്ചു. ടോൾപിരിവ് തടഞ്ഞ കളക്ടറുടെ ഉത്തരവ് സർക്കാരിന്റെ നിർദേശപ്രകാരമാണു പിൻവലിച്ചതെന്നു വ്യക്തമായിട്ടുണ്ട്.
ജൂലൈവരെ പിരിച്ചെടുത്തത്
1614.26 കോടി രൂപ
കരാർലംഘനങ്ങൾ നടക്കുന്നതായും സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ടിലെ പരിഹാരനിർദേശങ്ങൾ ഇനിയും നടപ്പാക്കിയിട്ടില്ലെന്നും വിവരാവകാശരേഖകൾ വ്യക്തമാക്കുന്നതായി അഡ്വ. ജോസഫ് ടാജറ്റ് വ്യക്തമാക്കി. കഴിഞ്ഞ 13 വർഷമായി ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ജൂലൈ വരെ 1614.26 കോടി രൂപ പിരിച്ചതായും പ്രതിദിനം 40,000 വാഹനങ്ങൾ കടന്നുപോകുന്നതായും 51 ലക്ഷം രൂപ വരുമാനമുണ്ടെന്നും രേഖ വ്യക്തമാക്കുന്നു.
കരാർലംഘനങ്ങളുടെ പേരിൽ മേയ്വരെ 2353.92 കോടി രൂപ കരാർ കമ്പനിക്കു പിഴ ചുമത്തിയിട്ടുണ്ടെന്നു രേഖയിലുണ്ട്. ഇത്രയൊക്കെ ജനങ്ങളെ കൊള്ളയടിച്ചിട്ടും സംസ്ഥാനസർക്കാർ നിലപാടു സ്വീകരിക്കാത്തതു പ്രതിഷേധാർഹമാണ്. കമ്പനിയെ കരിമ്പട്ടികയിൽപെടുത്തി കരാറിൽനിന്ന് ഒഴിവാക്കാനും പിഴ ഇടാക്കാനും എൻഎച്ച്എഐ ആർബ്രിട്രേഷൻ ട്രൈബ്യൂണൽ നൽകിയ കേസിൽനിന്നു സംസ്ഥാനസർക്കാർ കോടതിയെ സമീപിച്ച് ഒഴിവായതു കമ്പനിയെ സഹായിക്കുന്ന നിലപാടാണ്. കമ്പനിക്കെതിരേ വാദങ്ങൾ ഉന്നയിക്കാവുന്ന സാഹചര്യമാണു നഷ്ടപ്പെടുത്തിയത്.