വീട് ജപ്തിചെയ്തു; കുടുംബത്തെ ഇറക്കിവിടാനുള്ള ബാങ്കിന്റെ ശ്രമം തടഞ്ഞു
1582421
Saturday, August 9, 2025 1:01 AM IST
എരുമപ്പെട്ടി: നെല്ലുവായിൽ വീട് ജപ്തിചെയ്ത് കുടുംബത്തെ ഇറക്കിവിടാനുള്ള ബാങ്കിന്റെ ശ്രമം സിപിഎം നേതാക്കൾ തടഞ്ഞു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഉദ്യോഗസ്ഥരാണ് ജപ്തി നടപടികൾ സ്വീകരിച്ചത്.
വീട്ടുകാരെടുത്ത ലോൺ തിരിച്ചടവുമുടങ്ങി കുടിശികയായതിനെ തുടർന്നായിരുന്നു ബാങ്കിന്റെ നടപടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം വടക്കാഞ്ചേരി ഏരിയാകമ്മിറ്റിയംഗം കെ.എം. അഷറഫിന്റെ നേതൃത്വത്തിൽ ലോക്കൽ സെക്രട്ടറി പി.സി. അബാൽ മണി, വാർഡ് മെമ്പർ എൻ.പി. അജയൻ എന്നിവർ ജപ്തി തടയുകയായിരുന്നു. സംഭവ സമയത്ത് ഗൃഹനാഥൻ വീട്ടിലുണ്ടായിരുന്നില്ല.
അദ്ദേഹത്തിന്റം ഭാര്യയും ഗർഭിണിയായ മകൾ ഉൾപ്പടെ രണ്ട് പെൺമക്കളും ഇവരുടെ ചെറിയ കുഞ്ഞുങ്ങളുമാണ് വീട്ടിലുണ്ടായിരുന്നത്.
ഇവരെ വീട്ടിൽനിന്നിറക്കി പോലീസും കോടതിയിൽനിന്ന് കമ്മീഷനുമായിയെത്തിയ ബാങ്ക് ഉദ്യോസ്ഥരും വാതിൽപൂട്ടി സീൽചെയ്തു. വിവരമറിഞ്ഞെത്തിയ സിപിഎം നേതാക്കൾ ഉദ്യേഗസ്ഥരുമായി വാക്കേറ്റമുണ്ടാകുകയും പൂട്ടുതുറന്ന് വീട്ടുകാരെ അകത്തുകയറ്റുകയുംചെയ്തു. പിന്നീട് സ്ഥലത്തെത്തിയ ഗൃഹനാഥൻ ചർച്ചനടത്തി വായ്പ തിരിച്ചടയ്ക്കാൻ ബാങ്ക് അധികൃതരിൽനിന്ന് സമയം നീട്ടിവാങ്ങി.