ചുവന്നമണ്ണിൽ വീണ്ടും കാട്ടാന ഇറങ്ങി; വ്യാപക കൃഷിനാശം
1582149
Friday, August 8, 2025 1:19 AM IST
ചുവന്നമണ്ണ്: ഉറവുംപാടത്ത് കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് കാട്ടാന ഇറങ്ങിയത്. കേഴപ്ലാക്കൽ ഷാജി, ഇടപ്പനയത്ത് എൽദോസ്, മേക്കാട്ടിൽ വർഗീസ്, പൈലി, പോൾ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന നാശംവിതച്ചത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന തങ്ങളുടെ ജീവനും ഭീഷണിയാണെന്ന് കർഷകർ പറഞ്ഞു.
നിരവധി കർഷകർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. കാലപ്പഴക്കം ചെന്നതും പ്രവർത്തനരഹിതവുമായ സോളാർ വൈദ്യുത വേലിയാണ് ഈ മേഖലയിൽ ഉള്ളത്. പ്രദേശത്തെ വൈദ്യുത വേലി പുനർനിർമിക്കകയോ, വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയോ അധികൃതർ ചെയ്യാത്തതാണ് കാട്ടാനശല്യം ഇത്രയും രൂക്ഷമാകാൻ കാരണം.
വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെ പ്രദേശത്ത് കൃഷി ചെയ്യാൻ കർഷകർ തയ്യാറാകാത്ത സ്ഥിതിയിലാണെന്ന് വാർഡ് മെമ്പർ കെ.പി. ചാക്കോച്ചൻ പറഞ്ഞു. പഞ്ചായത്ത് പ്രതിപക്ഷനേതാവ് ബാബു തോമസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.