ചേലക്കര ജനവാസമേഖലയിൽ അഞ്ചുദിവസം തുടർച്ചയായി കാട്ടാനശല്യം
1582148
Friday, August 8, 2025 1:19 AM IST
ചേലക്കര: മേഖലയിൽ തുടർച്ചയായി അഞ്ചുദിനം കാട്ടാന ജനവാസമേഖലയിൽ ഇറങ്ങി ഭീതിപരത്തി. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ വാഴക്കോട് പ്ലാഴി സംസ്ഥാനപാത മുറിച്ചുകടന്ന കാട്ടാന മുള്ളൂർക്കര പഞ്ചായത്തിലെ മണലാടി വിഷ്ണു ക്ഷേത്രത്തിന് സമീപവും തുടർന്ന് പാറപ്പുറം മേഖലയിലുമെത്തി. ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന യുവാവ് കാട്ടാനയെ മുന്പിൽ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ സംസ്ഥാനപാത ഉപരോധിച്ചു. വാഴാനിയിൽ നിന്നും മായന്നൂരിൽ നിന്നും വനപാലകർ സ്ഥലത്തെത്തി കാട്ടാനയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
തുടർച്ചയായി കാട്ടാന ജനവാസ മേഖലയിലെത്തുന്നത് തടയാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ. ഭീതിപരത്തിയ കാട്ടാന കിഴക്കുദിക്ക് ലക്ഷ്യം വെച്ചാണ് സഞ്ചരിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞദിവസം മേഖലയിൽ കാട്ടന ഒരു യുവതിക്ക് നേരെ പാഞ്ഞടുത്തത്തിരുന്നു. സ്ഥിരമായി നാട്ടിലിറങ്ങുന്ന ഒറ്റയാനെ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉന്നതതലയോഗം വിളിച്ചുചേർക്കും: കെ. രാധാകൃഷ്ണൻ എംപി
ചേലക്കര: മേഖലയിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാനയുടെ ആക്രമണങ്ങൾ തുടരുന്ന പാശ്ചാത്തലത്തിൽ നടപടികൾ സ്വീകരിക്കാൻ ഉന്നതതലയോഗം വിളിച്ചുചേർക്കുമെന്ന് എംപി അറിയിച്ചു. നിലവിലെ സംഭവങ്ങൾ വനംമന്ത്രി എ.കെ. ശശീന്ദ്രനെ ധരിപ്പിച്ചെന്നും കളക്ടറുമായും ഡിഎഫ്ഒയുമായും ഫോണിൽ സ്ഥിതിഗതികൾ വിലയിരുത്തിയതായും എംപി പറഞ്ഞു.
സമഗ്രമായ ആക്ഷൻപ്ലാൻ തയ്യാറാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുംവേണ്ടി നാളെ രാവിലെ ഒമ്പതിന് എംഎൽഎ, കളക്ടർ, ജനപ്രതിനിധികൾ, ഡിഎഫ്ഒ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ടീയ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട യോഗം ചേലക്കര റസ്റ്റ് ഹൗസിൽ വിളിച്ചുചേർക്കുമെന്ന് എംപി അറിയിച്ചു. ജനങ്ങളുടേയും കർഷകരുടെയും ആശങ്കകൾ ശാശ്വതമായി പരിഹരിക്കുവാനുള്ള തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊള്ളുമെന്നും എംപി അറിയിച്ചു.