കൊടുംമഴയിലും ടാറിംഗ്!!! "അലർട്ടു'മായി നാട്ടുകാർ
1581648
Wednesday, August 6, 2025 2:17 AM IST
തൃശൂർ: കോരിച്ചൊരിയുന്ന മഴയത്ത് ഒരു ടാറിടൽ അപാരത. ജനം രംഗത്തുവന്നതോടെ പണി അവസാനിപ്പിച്ച് തൊഴിലാളികൾ. ഇന്നലെ രാവിലെയാണ് സംഭവം. അതിതീവ്രമഴ തുടരുന്നതിനിടെയാണ് മാരാർ റോഡിലെ കോർപറേഷൻ റോഡിലെ കുഴിയടയ്ക്കാൻ തൊഴിലാളികൾ എത്തിയത്.
റോഡിലെ കുഴികൾ ജീവനെടുത്തപ്പോൾപോലും ഇല്ലാത്ത ആത്മാർഥത കനത്ത മഴയ്ക്കിടെ കണ്ടതോടെ കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്താണ് ആദ്യം പ്രതിഷേധം അറിയിച്ച് രംഗത്തുവന്നത്. തുടർന്നു നാട്ടുകാരും രംഗത്തിറങ്ങുകയായിരുന്നു. ആദ്യം എതിർപ്പ് കണ്ടില്ലെന്നുനടിച്ച് പണിതുടരുകയും കുഴി അടയ്ക്കുകയും ചെയ്തെങ്കിലും ജനം എതിർപ്പു പ്രകടിപ്പിച്ചതോടെ പണി നിർത്തിവയ്ക്കാൻ പിന്നീട് മേയറും ആവശ്യപ്പെട്ടു.
ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരു പണിയും പാടില്ലെന്നും താൻ കരാറുകാരനു കർശനനിർദേശം നൽകിയിരുന്നതാണെന്നും അലർട്ടുകളെക്കുറിച്ച് അറിവില്ലാത്ത ഇതരസംസ്ഥാനതൊഴിലാളികളാണ് റോഡുപണിക്ക് എത്തിയിരുന്നതെന്നും അവർ ടാർ ചൂടാക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമായിരുന്നു മേയറുടെ ന്യായീകരണം.
ടാറിംഗ് നിർമാണത്തിനായി എത്തിയതു മലയാളികൾതന്നെ ആയിരുന്നെന്നും കുഴികളിൽ അവർ ടാർ തട്ടിയിരുന്നുവെന്നും മേയറുടെ വാദം പൊള്ളയാണെന്നും ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
എന്നാൽ, കൊടുംമഴയിൽ ടാറിംഗ് നടത്തുന്നതിന്റെ വീഡിയോ ആക്ഷേപങ്ങളോടെ സമൂഹമാധ്യമങ്ങളിൽ രാവിലെമുതൽ പ്രചരിച്ചു. ചാനലുകളിലും ഈ വീഡിയോ കാണിച്ചിരുന്നു.