പോലീസുകാരനെ ആക്രമിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ
1581891
Thursday, August 7, 2025 1:07 AM IST
പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയ്ക്കുസമീപം പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. വരന്തരപ്പിള്ളി സ്വദേശി കരിയാട്ട് രേവന്ത് ബാബുവാണ് അറസ്റ്റിലായത്.
മിനിയാന്നു രാത്രിയാണ് ഇയാൾ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. രാത്രി 12 മണിയോടെ ഇയാൾ ടോൾപ്ലാസയിലെത്തി വാഹനങ്ങൾ കടത്തിവിടുകയും സമീപത്തു പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ താക്കോൽ ഊരിയെടുക്കുകയും ചെയ്യുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഹൈവേ പോലീസ് രേവന്തിനെ തടയാൻ ശ്രമിക്കുന്നതിനിടെ വിഷ്ണു എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നെറ്റിയിൽ മർദിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
രേവന്തിനെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം പുതുക്കാട് പോലീസ് കേസെടുത്തു. പുതുക്കാട് എസ്ഐ വൈഷ്ണവ്, എഎസ്ഐ ജിജോ, ഹൈവേ പോലീസ് എസ്ഐ ബിജു എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.