കുത്തിപ്പൊളി; റീറ്റെയിൻ വാൾ നിർമാണം ജനകീയ പ്രതിഷേധത്തെത്തുടർന്ന് രാത്രി നിർത്തിവച്ചു
1582161
Friday, August 8, 2025 1:19 AM IST
കൊരട്ടി: മുരിങ്ങൂരിനും ചിറങ്ങരയ്ക്കും പിന്നാലെ കൊരട്ടിയിൽ മൂന്നു സ്പാനുകളിലുയർത്തിയ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമിക്കുന്നതിനുള്ള റീറ്റെയിൻ വാളിനായി മൂന്നു വാലറ്റവും കുത്തിപ്പൊളിച്ചു.
സർക്കാർ അച്ചുകൂടത്തിനുസമീപം കുത്തിപ്പൊളിച്ചതു യാതൊ രു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണെന്നും വെളിച്ചമില്ലാത്ത ഭാഗമെന്ന നിലയിൽ ലൈറ്റുകളോ അപകടസൂചന നൽകുന്ന ബ്ലിങ്കിംഗ് ലൈറ്റുകളാോ സ്ഥാപിക്കാതെ റീറ്റെയിൻ വാളിനായി കുഴിയെടുക്കാൻ അനുവദിക്കില്ലെന്നുമുള്ള നിലപാടുമായി പ്രദേശവാസികൾ രംഗത്തെത്തി. വൈകീട്ട് അഞ്ചോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള നിർമാണപ്രവൃത്തികൾ നിർത്തിവച്ചെങ്കിലും രാത്രി ഏഴോടെ പുനരാരംഭിച്ചു.
തുടർന്ന് ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തെത്തി നിർമാണം തടഞ്ഞു. ജെസിബി ഓപ്പറേറ്ററും ഒരു കരാർ ജീവനക്കാരനും മാത്രമാണ് സ്ഥലത്തുണ്ടായത്. തുടർന്ന് പ്രോജക്ട് ഡയറക്ടറും സൈറ്റ് ഇൻചാർജും ടെലഫോണിൽ അനുനയനീക്കവുമായി വന്നെങ്കിലും പ്രതിഷേധം കടുത്തതോടെ നിർമാണം നിർത്തിവച്ചു. സംഭവമറിഞ്ഞ് രാത്രി എട്ടരയോടെ കൊരട്ടി പോലീസ് സ്ഥലത്തെത്തി.
കൊരട്ടി പോലീസ് സ്റ്റേഷനു സമീപം ബുധനാഴ്ച വൈകീട്ടോടെയാണ് ആദ്യം കുത്തിപ്പൊളിച്ചത്. താത്കാലികമായി നിർത്തിവയ്ക്കുന്നുവെന്ന രീതിയിലാണ് കുഴിയെടുക്കാൻ വന്നവർ പോയതെങ്കിലും ഇന്നലെ മറ്റു രണ്ടിടങ്ങളിൽ കുഴിയെടുക്കുകയായിരുന്നു. സർവീസ് റോഡുകൾ ടാർ ചെയ്ത് സഞ്ചാരം സുഗമമാക്കി കൊരട്ടിയിൽ നിർമാണം ആരംഭിച്ചാൽ മതിയെന്നാണു പൊതുവികാരം.
എൻഎച്ച്എഎയും നിർമാണ ക്കമ്പനിയും നൽകുന്ന ഉറപ്പുകൾ പ്രാവർത്തികമാക്കാറില്ലെന്നും നിർമാണം നിർത്തി യോഗം വിളിച്ചുചേർത്ത് കൂടിയാലോചനകളിലൂടെ ദേശീയപാത വികസനം നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ നിലപാട്. രണ്ടു ദിവസം മഴ മാറി നിന്നാൽ മുരിങ്ങൂരിലെയും ചിറങ്ങരയിലെയും കൊ രട്ടിയിലെയും ബദൽറോഡുകൾ ടാർ ചെയ്യാമെന്ന പ്രോജക്ട് ഡയറക്ടറുടെ ഉറപ്പുപോലും പാലിക്കപ്പെട്ടിട്ടില്ല. പ്രശ്നങ്ങളുടെ നിജസ്ഥിതി ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സി. ബിജു ഇന്നലെ ജില്ലാ കളക്ടർക്കു കത്തുനൽകിയിട്ടുണ്ട്.