ചാലക്കുടി നഗരസഭ എൻജിനീയറിംഗ് ഓഫീസിനു മുന്നിൽ കൗൺസിലർ വത്സൻ ചമ്പക്കര സത്യഗ്രഹസമരം നടത്തി
1581905
Thursday, August 7, 2025 1:07 AM IST
പോട്ട: മൂന്നാം വാർഡിൽ പോട്ട പറകൊട്ടിക്കൽ ക്ഷേത്രം റോഡിലെ അഴുക്കുചാൽ നിർമാണം തടസപ്പെട്ടതിൽ പ്രതിഷേധിച്ച് കൗൺസിലർ വത്സൻ ചന്പക്കര സത്യഗ്രഹ സമരം നടത്തി. വീടുകളുടെ മതിലുകളോടുചേർന്ന് കുഴിയെടുത്തതിനെത്തുടർന്ന് രണ്ടുമതിലുകൾ തകർന്നുവീണിരുന്നു. കൂടുതൽ മതിലുകൾ വീഴാതിരിക്കുന്നതിനായി കരാറുകാരൻ സൈഡ് കോൺക്രീറ്റ് വർക്കുകൾ പെട്ടെന്നുതന്നെ പൂർത്തിയാക്കി.
മുൻ മുനിസിപ്പൽ അസി. എൻജിനീയർ മുനിസിപ്പൽ ഓഫീസിനു മുന്നിൽ സമരംനടത്തിയ ദിവസം നടന്ന അഴുക്കുചാലിന്റെ സൈഡ് കോൺക്രീറ്റിന്റെ അളവുകൾ പ്രൈസിൽ അപ്ലോഡ് ചെയ്തില്ല. തുടർന്ന് കരാറുകാരൻ പണികൾ നിർത്തിവയ്ക്കുകയായിരുന്നു. ഇരുപതോളം വീടുകൾക്കുമുന്നിലായി ചാല് കീറിയതിനെത്തുടർന്ന് ആളുകൾക്ക് വീടിനു പുറത്തുകടക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഇതേത്തു ടർന്നാണ് വാർഡ് കൗൺസിലർ വത്സൻ ചമ്പക്കര എൻജിനീയറിംഗ് വിഭാഗത്തിനുമുന്നിൽ സമരം ആരംഭിച്ചത്.
ഇതേത്തുടർന്ന് നിരവധി നാട്ടുകാരും നഗരസഭയിലെത്തി മുനിസിപ്പൽ ചെയർമാനുമായി ചർച്ച നടത്തി. ചെയർമാൻ ഇടപെട്ടതിനെത്തുടർന്ന് മുൻ അസി. എൻ ജിനീയർ അളവുകൾ കയറ്റാത്ത പക്ഷം പ്രസ്തുത 100 മീറ്റർ കോർകട്ട് ചെയ്ത് സാമ്പിൾ പരിശോധിച്ച് വാല്യൂവേഷൻ ചെയ്ത് പ്രസ്തുത അളവ് ബില്ലിൽ കയറ്റാമെന്ന് മുനിസിപ്പൽ എൻജിനീയർ രേഖാമൂലം കരാറുകാരനു കത്ത് കൊടുക്കാമെന്ന് സമ്മതിച്ചു. കത്ത് ലഭിച്ചതിനെ തുടർന്ന് കരാറുകാരൻ പണികൾ ഉടൻ പുനരാരംഭിക്കും. തുടർന്ന് വത്സൻ ചമ്പക്കര സത്യഗ്രഹസമരം അവസാനിപ്പിച്ചു.