നഷ്ടപരിഹാരവും ചികിത്സാച്ചെലവും സർക്കാർ വഹിക്കണമെന്നു ബിജെപി
1581896
Thursday, August 7, 2025 1:07 AM IST
വടക്കാഞ്ചേരി: വരവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽവച്ച് ഷോക്കേറ്റ് ചികിത്സയിൽകഴിയുന്ന പതിമൂന്നുകാരന്റെ ചികിത്സാച്ചെലവും രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ വഹിക്കണമെന്ന് ബിജെപി തൃശുർ നോർത്ത് ജില്ലാ കമ്മറ്റി പത്രസമ്മേളനത്തിൽപറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ സംഭവത്തിൽ സിഡബ്ല്യുസി, പോലീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, പൊതുമരാമത്ത് വകുപ്പ്, ജില്ലാപഞ്ചായത്ത്, ജില്ലാ കളക്ടർ, വിദ്യാഭ്യാസവകുപ്പ് എന്നിവർക്കു പരാതികൾ നൽകിയിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും ബിജെപി ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ പിടി എ പ്രസിഡന്റും വാർഡ്മെമ്പറും സ്കൂളിലെ പ്രധാനാധ്യാപികയും ഒത്തുകളിക്കുകയാണ്. സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളിലെ വൈദ്യുതീകരണം തകരാറിലാണ്.
ബിജെപി നൽകിയ പരാതിയിൽ കെഎസ്ഇബി അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. സ്കൂളിന്റെ നൂറാംവാർഷികത്തിന് നാട്ടുകാരിൽനിന്നു ലക്ഷങ്ങൾ പിരിച്ചെടുത്തിട്ടും നാളിതുവരെ കണക്ക് അവതരിപ്പിക്കാത്തതിൽ നാട്ടുകാരിലും പ്രതിഷേധം ശക്തമാണ്.
പത്രസമ്മേളനത്തിൽ ബിജെപി തൃശൂർ നോർത്ത് ജില്ലാ ജനറൽസെക്രട്ടറി വിപിൻ കൂടിയേടത്ത്, ജില്ലാ സെക്രട്ടറി നിത്യസാഗർ, ചെറുതുരുത്തി മണ്ഡലം പ്രസിഡന്റ് എം.എ. രാജു, ബിജെപി വരവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.