ക്രിസ്ത്യൻ മാനേജ്മെന്റുകളോടുള്ള സർക്കാർ നിലപാട് വിവേചനപരം: ടീച്ചേഴ്സ് ഗിൽഡ്
1581649
Wednesday, August 6, 2025 2:17 AM IST
തൃശൂർ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗീകാരം കാത്തുനിൽക്കുന്ന ആയിരക്കണക്കിന് അധ്യാപകരെ നിരാശരാക്കിയ സർക്കാർ ഉത്തരവ് വിവേചനപരമെന്നു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തൃശൂർ അതിരൂപതാ സമിതി. 2018 മുതലുളള നിയമനങ്ങളാണു നിഷേധിക്കുന്നത്. ഹൈക്കോടതിവിധിയെതുടർന്ന് എൻഎസ്എസ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ നിയമനങ്ങൾക്കും സർക്കാർ അംഗീകാരം നൽകി. മറ്റു മാനേജ്മെന്റുകളോടു ചിറ്റമ്മനയമാണ് സ്വീകരിക്കുന്നത്.
എൻഎസ്എസ് മാനേജ്മെന്റിനു ലഭിച്ച കോടതിവിധി ചൂണ്ടിക്കാട്ടി അനുകൂലവിധി സന്പാദിക്കാൻ ഉപദേശിച്ച മന്ത്രിമാർ സർക്കാരിന്റെ നയം വ്യക്തമാക്കണം. അധ്യാപകനിയമനങ്ങൾക്ക് അംഗീകാരം നൽകാത്തതിനെത്തുടർന്ന് രണ്ടുപേർ ആത്മഹത്യ ചെയ്തു. പൊതുവിദ്യാഭ്യാസരംഗത്തു കേരളം നന്പർ വണ്‍ ആണെന്നു പറയുന്പോഴും ആയിരക്കണക്കിന് അധ്യാപകരാണു ദിവസവേതനക്കാരായും വേതനമില്ലാതെയും ജോലിചെയ്യുന്നത്.
ചില മാനേജ്മെന്റുകൾക്കു പ്രത്യേകം പരിഗണന നൽകി നിയമന അംഗീകാരം നൽകുന്ന നയത്തിനു സർക്കാർ കടുത്ത വില നൽകേണ്ടിവരുമെന്നും ശക്തമായ സമരങ്ങൾക്കു രൂപംനൽകുമെന്നും ടീച്ചേഴ്സ് ഗിൽഡ് തൃശൂർ അതിരൂപതാ സമിതി അറിയിച്ചു. പ്രതിഷേധയോഗം വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് ഗിൽഡ് അതിരൂപത ഡയറക്ടർ ഫാ. ജോയ് അടന്പുകുളം, പ്രസിഡന്റ് എ.ഡി. സാജു, ബിജു പി. ആന്റണി, ജോഫി മഞ്ഞളി, എൻ.പി. ജാക്സണ് എന്നിവർ പ്രസംഗിച്ചു.