പുതിയ സബ്സ്റ്റേഷൻ, പ്രസരണശൃംഖല നിർമാണത്തിനു നാളെ തുടക്കമാകുന്നു
1581890
Thursday, August 7, 2025 1:07 AM IST
തൃശൂർ: മെട്രോ സിറ്റിയായി മാറുന്ന കോർപറേഷന്റെ ചരിത്രത്തിനു പുതിയൊരു പൊൻതൂവൽകൂടി. 135.7 കോടി രൂപ ചെലവിൽ ലാലൂരിൽ 110 കെവി സബ്സ്റ്റേഷനും 110 കെവി പ്രസരണശൃംഖലയും നിർമിക്കാൻ ഒരുങ്ങുന്നു.
കേന്ദ്രസർക്കാരിന്റെ ആർഡിഎസ്എസ് പദ്ധതിവഴിയാണ് തുക ലഭ്യമാക്കിയിരിക്കുന്നത്. രാജ്യത്തുതന്നെ ഇത്രയും തുക അനുവദിച്ചുകിട്ടിയ ഏക കോർപറേഷനും തൃശൂരാണെന്നു മേയർ എം.കെ. വർഗീസ് പറഞ്ഞു.
വിയ്യൂരിൽനിന്നാണ് ഇപ്പോൾ കോർപറേഷൻ വൈദ്യുതി സ്വീകരിക്കുന്നത്. പദ്ധതി പൂർത്തീകരിക്കുന്നതിലൂടെ മറ്റൊരു സ്രോതസും ലഭിക്കും. ഇതിലൂടെ കോർപറേഷൻ പരിധിയിൽ വോൾട്ടേജ് ക്ഷാമം ഒഴിവാക്കാനും മുഴുവൻ സമയം വൈദ്യുതി ലഭ്യമാക്കാനും സാധിക്കും. ഇതിനുപുറമെ ഉപഭോക്താക്കൾക്കു സ്മാർട്ട് മീറ്റർകൂടി ഉറപ്പുവരുത്തുന്നതിലൂടെ ഉപയോഗിച്ച വൈദ്യുതിക്കുമാത്രം തുക നൽകേണ്ടതുള്ളൂവെന്നതും ആശ്വാസമാകും.
സംസ്ഥാനത്തുതന്നെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഏക കോർപറേഷനും തൃശൂരാണ്. നാളെ ഉച്ചകഴിഞ്ഞു 2.30 നു മന്ത്രി കെ. കൃഷ്ണൻകുട്ടി സബ് സ്റ്റേഷന്റെയും കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രസരണ ശൃംഖലയുടെയും ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ആർ. ബിന്ദു കരാർകൈമാറ്റം നിർവഹിക്കും.
പത്രസമ്മേളനത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്സണ് എന്നിവരും പങ്കെടുത്തു.