സ്കൂൾവിദ്യാർഥികളെ കബളിപ്പിച്ച് ബാറിലേക്ക് കൊണ്ടുപോയി മദ്യം കുടിപ്പിച്ച സംഭവം: കെഎസ്ഇബി ജീവനക്കാരനും ബാർ ജീവനക്കാരും അറസ്റ്റിൽ
1582429
Saturday, August 9, 2025 1:01 AM IST
ചാലക്കുടി: സ്കൂൾ വിദ്യാർഥികളെ കബളിപ്പിച്ച് മദ്യം കൊടുക്കുവാനായി ബാറിലേക്ക് കൊണ്ടുവന്ന കെഎസ്ഇബി ജീവനക്കാരനും മദ്യം നൽകിയ ബാർ ജീവനക്കാരെയും പോലീസ് അറസ്റ്റുചെയ്തൂ. കെഎസ്ഇബി ജീവനക്കാരൻ അന്നമനട കാട്ടുകണ്ടത്തിൽ വീട്ടിൽ സ്നേഹേഷ് (44), മദ്യം നൽകിയ ബാർ ജീവനക്കാരായ പാലക്കാട് കിഴക്കഞ്ചേരി എളവൂർപാടം കാട്ടിരിക്കൽ വീട്ടിൽ ദിവാകരൻ (45), വയനാട് പുൽപ്പള്ളി വടക്കൽ അനീഷ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും അബ്കാരി ആക്ട് പ്രകാരവും കേസെടുത്തു.
കഴിഞ്ഞദിവസം 4.30ന് ചായ്പൻകുഴിയിലുള്ള സ്കൂളിന്റെ മുന്നിൽനിന്നും പ്രായപൂർത്തിയാകാത്ത രണ്ട് സ്കൂൾ കുട്ടികളെ മോട്ടോർ സൈക്കിളിൽ മോതിരക്കണ്ണിയിലുള്ള ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയി ബാറിൽവച്ച് കുട്ടികൾക്ക് ബിയർ വാങ്ങിക്കുടിക്കാൻ നൽകുകയായിരുന്നു.
കെഎസ്ഇബി ജീവനക്കാരനായ സ്നേഹേഷിനെതിരെ വകുപ്പുതല നടപടികൾക്കായി റിപ്പോർട്ട് സമർപ്പിക്കും.
ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. സജീവ്, എസ്ഐമാരായ ഋഷിപ്രസാദ്, കെ.കെ. ബിജു, ഹരിശങ്കർ പ്രസാദ്, എഎസ്ഐ ജിബി, സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത്, സജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.