തിരനോട്ടം ഒരുക്കുന്ന "അരങ്ങ്' ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നാളെ
1582432
Saturday, August 9, 2025 1:01 AM IST
ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സംഘാടനത്തില്‍ തിരനോട്ടം ഒരുക്കുന്ന അരങ്ങിന് നാളെ ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ വേദിയാകുന്നു. രാവിലെ 9.30ന് ആരംഭിക്കുന്ന അരങ്ങില്‍ ഗുരുദക്ഷിണയെത്തുടര്ന്ന് കോട്ടക്കല്‍ പിഎസ്വി നാട്യസംഘം അവതരിപ്പിക്കുന്ന "കീചകവധം' കഥകളിയുടെ സമ്പൂര്‍ണ്ണാവതരണം ഉണ്ടായിരിക്കും.
നാട്യസംഘത്തിലെ നാല്പതോളം കലാകാരന്മാര് ചൊല്ലിയാടിയുറപ്പിച്ച് അവതരിപ്പിക്കുന്ന എട്ടുമണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന ഈ ബൃഹത് അവതരണത്തില്‍ നായക കഥാപാത്രമായ കീചകവേഷത്തിന് ഡോ. സദനം കൃഷ്ണന്‍കുട്ടി പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.
ജീവിതത്തിലുടനീളം സര്ഗാത്മകതനിറഞ്ഞ കലാസപര്യ പിന്തുടര്‍ന്ന മുതിര്‍ന്ന ആചാര്യന്മാര്‍ക്കുള്ള ദക്ഷിണ ഇത്തവണ കഥകളി നാട്യാചാര്യന് കലാമണ്ഡലം കെ.ജി. വാസുദേവന്‍, അണിയറശില്പി കോട്ടയ്ക്കല്‍ കുഞ്ഞിരാമന് എന്നീ മഹാപ്രതിഭകള്‍ക്ക് നല്കി ആദരിക്കുന്നു. കോട്ടയ്ക്കല്‍ കുഞ്ഞിരാമന് നല്കുന്ന ദക്ഷിണ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടി തമ്പുരാട്ടിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ്.
കഥകളി ക്ലബ് പ്രതിനിധികളായ രമേശന് നമ്പീശന് (പ്രസിഡന്റ്്), അഡ്വ. രാജേഷ് തമ്പാന് (സെക്രട്ടറി), ടി.എന്‍. കൃഷ്ണദാസ് (ട്രഷറര്‍), തിരനോട്ടം പ്രതിനിധികളായ പി.എസ്. രാമസ്വാമി, ശശികുമാര്‍ തോട്ടുപുറം, തിരനോട്ടം കോ- ഓര്‍ഡിനേറ്റര്‍ അനിയന് മംഗലശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.