തെരുവുനായ് നിയന്ത്രണസന്ദേശവുമായി മണ്‍സൂണ്‍ വാക്ക് പത്തിന്
1582160
Friday, August 8, 2025 1:19 AM IST
തൃശൂർ: തെരുവുനായ് നിയന്ത്രണസന്ദേശവുമായി വേൾഡ് മലയാളി കൗണ്‍സിൽ വള്ളുവനാട് പ്രോവിൻസ് മണ്‍സൂണ്‍ വാക്ക് പത്തിനു രാവിലെ ആറിനു നടക്കും. എഴുന്നൂറോളംപേർ പങ്കെടുക്കും. തൃശൂർ വടക്കുന്നാഥ ക്ഷേത്രം തെക്കേഗോപുരനടയിൽനിന്നു പൂമലയിലേക്കു 14 കിലോമീറ്ററാണു നടക്കുന്നത്. ജില്ലാ കളക്റ്റർ അർജുൻ പാണ്ഡ്യൻ ഫ്ളാഗ് ഓഫ് ചെയ്യും. ഡോഗ് വെൽഫയർ കമ്മിറ്റി ചെയർമാൻ ജോസ് മാവേലി, കേരള സീനിയർ ലീഡേഴ്സ് ഫോറം ജനകീയസമിതി പ്രസിഡന്റ് രാജീവ് എന്നിവർ പങ്കെടുക്കും.
തെക്കേഗോപുരനടയിൽ മെഗാ സൂംബാ ഡാൻസ് അവതരിപ്പിച്ചാണു മണ്‍സൂണ്‍ വാക്കിനു തുടക്കം കുറിക്കുക. പങ്കെടുക്കുന്നവർക്കു ടീഷർട്ടും തൊപ്പിയും നൽകും. പൂമലയിലെ റിച്ച് ഇന്ത്യ റിസോർട്ടിലാണു സമാപനം. ഇവിടെ റിഫ്രഷ്മെന്റ് സൗകര്യമുണ്ടാകും. തൃശൂർ നഗരത്തിലേക്കു തിരിച്ചുപോകാൻ വാഹനങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ രണ്ടേക്കർ അനുവദിക്കുകയാണെങ്കിൽ തെരുവുനായ്ക്കൾക്കു ഷെൽട്ടർ നിർമിച്ചു പരിപാലിക്കാൻ വേൾഡ് മലയാളി കൗണ്‍സിൽ മുന്നിലുണ്ടാകുമെന്നു ഭാരവാഹികൾ അറിയിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ എ.എസ്. രാജീവ്, സുജിത് ശ്രീനിവാസൻ, വള്ളുവനാട് പ്രോവിൻസ് ചെയർമാൻ ജോസ് പുതുക്കാടൻ, ഗ്ലോബൽ വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട്, പ്രോവിൻസ് സെക്രട്ടറി എൻ.പി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ജെയ്സണ്‍ മുറ്റിച്ചൂകാരൻ, ആക്ടിംഗ് സെക്രട്ടറി ചന്ദ്രപ്രകാശ് എടമന, ട്രഷറർ രാജഗോപാലൻ, ചാപ്റ്റർ പ്രസിഡന്റ് ദിലീപ്, സെക്രട്ടറി അഡ്വ. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകും. ജെയ്സണ്‍ മുറ്റിച്ചൂക്കാരൻ, സുജിത് ശ്രീനിവാസൻ എന്നിവരാണു ഷെൽട്ടറിന്റെ പ്രോജക്ട് കോഓർഡിനേറ്റർമാർ.
കഴിഞ്ഞദിവസം ബാങ്കോക്കിൽ നടന്ന വേൾഡ് മലയാളി കൗണ്‍സിൽ ബിനാലേയിൽ ഗ്ലോബൽ ചെയർമാനായി തോമസ് മൊട്ടയ്ക്കലിനെയും പ്രസിഡന്റായി ഡോ. ബാബു സ്റ്റീഫനെയും തെരഞ്ഞെടുത്തിരുന്നു. സുരേന്ദ്രൻ കണ്ണാട്ട് ഗ്ലോബൽ വൈസ് പ്രസിഡന്റും സുജിത് ശ്രീനിവാസൻ ഗ്ലോബൽ ഫോറം ചെയർമാനുമായി തെരഞ്ഞെടുക്കപ്പെട്ടു.