വേലൂർ പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ഇന്ന്; കോൺഗ്രസ് പ്രതിഷേധിക്കും
1582425
Saturday, August 9, 2025 1:01 AM IST
എരുമപ്പെട്ടി: വേലൂർ ഗ്രാമപഞ്ചായത്തിന്റെ ഓഫീസ് കെട്ടിട്ട നിർമാണത്തിൽ എംഎൽഎയും ഭരണസമിതിയും ജനങ്ങളെ വഞ്ചിച്ചെന്നും നിർമാണത്തിൽ അഴിമതിയുണ്ടെന്നും ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇന്നുനടക്കുന്ന ഉദ്ഘാടനം ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് പ്രതിപക്ഷമായ കോൺഗ്രസ് മെമ്പർമാരും മണ്ഡലം കമ്മിറ്റി ഭാരവാഹികളും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാലുകോടി രൂപ ചെലവു വരുന്ന കെട്ടിടം നിർമിക്കുന്നതിന് മുഴുവൻ ഫണ്ടും എ.സി. മൊയ്തീൻ എംഎൽഎ നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ തനത് ഫണ്ടിൽനിന്ന് ആദ്യഗഡുവായി 80 ലക്ഷം നൽകിയെങ്കിലും കരിവന്നൂർ കേസിൽ പ്രതിയായതോടെ ബാക്കിയുള്ള ഫണ്ട് നൽകിയില്ല. ഇതോടെ നിർമാണംനിലച്ചു.
വാടകക്കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയതിനാൽ തനത് ഫണ്ടിൽനിന്ന് പഞ്ചായത്ത് 25 ലക്ഷം രൂപ വാടക നൽകേണ്ടിവന്നു. വാർഡുകളിലെ വികസനപ്രവർത്തനത്തിനായി നീക്കിവച്ച പഞ്ചായത്ത് തനത് ഫണ്ടിൽനിന്നു മൂന്നുകോടി 30 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചതെന്നും കോൺഗ്രസ് അറിയിച്ചു. ഇതോടെ ഭൂരിഭാഗം വാർഡുകളിലെയും കുടിവെള്ളപദ്ധതികളുടെയും റോഡുകളുടെയും ലൈഫ് പദ്ധതിയിലെ വീടുകളുടെയും നിർമാണംനിലച്ചു.
ജൽ ജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ പുനർനിമിക്കാൻ കഴിഞ്ഞില്ല. എന്നാൽ സിപിഎം ഭരിക്കുന്ന വാർഡുകളിലേക്ക് എംഎൽഎ ഫണ്ടും ജില്ല, ബ്ലോക്ക് ഫണ്ടുകളും അനുവദിച്ച് പ്രതിപക്ഷവാർഡുകളെ അവഗണിച്ചുവെന്നു കോൺഗ്രസ് ആരോപിച്ചു.
കെട്ടിടനിർമാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി നികുതി എട്ടുശതമാനത്തിൽനിന്നു 10 ശതമാനം ഉയർത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചു. ഇതിനെതിരേ നടന്ന പ്രതിപക്ഷസമരങ്ങളെ ഭരണസമിതി കണ്ടില്ലെന്ന് നടിച്ചു.
മുഴുവൻ ഫണ്ട് തരാമെന്ന് വാഗ്ദാനംനൽകി വഞ്ചിച്ച എംഎൽഎക്കും ഫണ്ട് അനുവദിക്കാതിരുന്ന വകുപ്പുമന്ത്രിക്കും വേലൂരിലെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമിച്ച പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനംചെയ്യാൻ യോഗ്യതയില്ലായെന്നും കോൺഗ്രസ് ആരോപിച്ചു.
എംഎൽഎയുടെയും ഭരണസമിതിയുടെയും ജനദ്രോഹനടപടിക്കെതിരേ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ സമരം കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനംചെയ്യുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
എരുമപ്പെട്ടി പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ഫ്രെഡി പി. ജോൺ, പ്രതിപക്ഷനേതാവ് സ്വപ്ന രാമചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി. യേശുദാസ്, പഞ്ചായത്ത് മെമ്പർമാരായ പി.എൻ. അനിൽ, സി.ഡി. സൈമൺ എന്നിവർ പങ്കെടുത്തു.