കണ്ട്രോൾ റൂം തുറന്നു
1581646
Wednesday, August 6, 2025 2:17 AM IST
തൃശൂർ: രണ്ടു ദിവസങ്ങളിലായുണ്ടായ കനത്ത മഴയെത്തുടർന്ന് തൃശൂർ താലൂക്ക് ഓഫീസിലും പുത്തൂർ ഗ്രാമപഞ്ചായത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചതായി മന്ത്രി കെ. രാജൻ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ 0487 2331443 എന്ന നന്പറിൽ തൃശൂർ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുമായി ബന്ധപ്പെടാം. ആംബുലൻസ്, ഫയർഫോഴ്സ്, വൈദ്യുതിവകുപ്പ്, ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ സജ്ജരായി രംഗത്തുണ്ടാകും. മഴക്കെടുതി നേരിടാൻ ഉപകരണങ്ങൾ വാങ്ങാൻ ഒരു ലക്ഷംരൂപയും ക്യാന്പ് ആരംഭിക്കാൻ ഒരു ലക്ഷം രൂപയും അടിയന്തരമായി അനുവദിക്കാൻ മന്ത്രി നിർദേശിച്ചു.
ഒടിഞ്ഞുവീണ മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ ഡിഎഫ്ഒയ്ക്കു നിർദേശം നൽകി. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ പഞ്ചായത്ത് സെക്രട്ടറിക്കു നിർദേശം നൽകി.
ഏഴാംകല്ല് പള്ളിപ്പരിസരത്തെ കനാലിലെ ഒഴുക്ക് സുഗമമാക്കാൻ കനാൽ ഭാഗം പൊട്ടിച്ച് അണ്ടർ ടണലിലേക്കു വെള്ളം ഒഴുക്കിവിടാൻ നടപടി സ്വീകരിച്ചു. പുത്തൂർ സുവോളജിക്കൽ പാർക്കിലെ കനാലിന്റെ ബ്ലോക്കുകൾ മാറ്റാൻ അടിയന്തരനടപടി സ്വീകരിക്കാൻ മൃഗശാല ഡയറക്ടർക്കു നിർദേശം നൽകി. വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ നാശനഷ്ടങ്ങളുടെ സ്ഥിതിവിവരക്കണക്ക് അടിയന്തരമായി ശേഖരിക്കാൻ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്കു നിർദേശംനൽകി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തൃശൂർ താലൂക്ക് പരിധിയിലെ റവന്യൂ ജീവനക്കാർ അവരവരുടെ അധികാരപരിധിയിൽ തുടരണമെന്നും ലീവ് അനുവദിക്കേണ്ടതില്ലെന്നും മന്ത്രി നിർദേശിച്ചു.
യോഗത്തിൽ എഡിഎം, ഡെപ്യൂട്ടി കളക്ടർ (ഡിഎം), തഹസിൽദാർ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പോലീസ്, ഇറിഗേഷൻ, ഫയർഫോഴ്സ്, തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർ, സുവോളജിക്കൽ പാർക്ക് ഡയറക്ടർ എന്നിവർ പങ്കെടുത്തു.