ശുചിമുറിമാലിന്യം കാനയിലേക്ക് ഒഴുക്കിയ സംഭവം; പ്രതിഷേധം ശക്തം
1581654
Wednesday, August 6, 2025 2:17 AM IST
ഗുരുവായൂർ: സ്വകാര്യ ലോഡ്ജിലെ ശുചിമുറിമാലിന്യം സംസ്കാരണ വാഹനത്തിൽ സംസ്കരിച്ചശേഷമുള്ള വെള്ളം കാനയിലേക്കൊഴുക്കിയ സംഭവത്തിൽ ഇന്നലെചേർന്ന കൗൺസിൽ യോഗത്തിലും നഗരസഭ ഓഫീസിനുമുന്നിലും പ്രതിഷേധം.
സംഭവം കൗൺസിലിന്റെ തുടക്കത്തിൽ ചർച്ചചെയ്യാത്തതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർ കോൺഗ്രസിലെ വി.കെ. സുജിത്ത് നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അടിയന്തരപ്രമേയത്തിന് അനുമതിനിഷേധിച്ചതിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങളായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ് എന്നിവർ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. എന്നാൽ അടിയന്തര കൗൺസിലായതിനാൽ വിഷയം അവസാനം ചർച്ചചെയ്യാമെന്ന് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അറിയിച്ചു. ഇതിനെ പ്രതിപക്ഷം എതിർത്തതോടെ ബഹളമായി. വിഷയം ചർച്ചചെയ്യാതെ അജന്‍ഡയിലേക്ക് കടന്നതോടെ സുജിത്ത് ചെയർമാന്റെ ചേംബറിനു മുന്നിൽ കുത്തിയിരിക്കുകയായിരുന്നു.
ചാവക്കാട് നഗരസഭയുടെ വാഹനം ഗുരുവായൂർ നഗരസഭ പിടിച്ചെടുത്തു എന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണെന്ന് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് പറഞ്ഞു.