ഗുരുവായൂരിൽ ഓൺലൈൻ - പ്രാദേശിക ടാക്സി ഡ്രൈവർമാർ തമ്മിൽ തർക്കം
1582150
Friday, August 8, 2025 1:19 AM IST
ഗുരുവായൂർ: ഓൺലൈൻ ടാക്സി ഡ്രൈവർമാരും പ്രാദേശിക ടാക്സിക്കാരും തമ്മിലുള്ള തർക്കം കയ്യാങ്കളിയോളമെത്തി. ഇന്നലെ വൈകിട്ട് ടെമ്പിൾ പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.
ഇരുവിഭാഗങ്ങളും തമ്മിൽ മുമ്പുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയതാണ് ഓൺലൈൻ ടാക്സി ഡ്രൈവർമാർ. ഇതിനിടയിലാണ് ഒരു വിഭാഗം പ്രാദേശിക ടാക്സി ഡ്രൈവർമാർ സ്റ്റേഷൻ പരിസരത്ത് എത്തിയത്. ഇരുവിഭാഗവും തമ്മിൽ ഏറെനേരം വാക്കേറ്റവും ഉന്തും തള്ളുമായി. പോലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് നൽകി.
ക്ഷേത്രനടയിൽ നിന്ന് ഓൺലൈൻ ടാക്സിയിൽ യാത്രക്കാരെ കയറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക ടാക്സി ഡ്രൈവർമാർ. ക്ഷേത്രനടയിൽ വ്യാപകമായി ഇതിനെതിരെ ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്. ഇവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ ടാക്സി ഡ്രൈവർമാർ നഗരസഭയിൽ പരാതി നൽകി. അനധികൃതമായി സ്ഥാപിച്ച ഫ്ലക്സുകൾ നീക്കം ചെയ്യുമെന്ന് നഗരസഭ അറിയിച്ചതോടെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ ഇവ നീക്കം ചെയ്യാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
ഹൈക്കോടതി വിധിപ്രകാരമാണ് തങ്ങൾ സർവീസ് നടത്തുന്നതെന്നും പോലീസ് സംരക്ഷണം നൽകണമെന്നും ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സംഘടന ആവശ്യപ്പെട്ടു. ടാക്സി സ്റ്റാൻഡുകളുടെ 150 മീറ്റർ ദൂരപരിധിയിൽ യാത്രക്കാരെ കയറ്റരുതെന്ന് ഓൺലൈൻ ടാക്സികൾക്ക് പോലീസ് നിർദേശം നൽകി.
ഫ്ലാറ്റുകളിലും വീടുകളിലും എത്തി യാത്രക്കാരെ എടുക്കുന്നതിന് ദൂരപരിധി ബാധകമല്ല. ഔട്ടർ ഭാഗത്തെ ലോഡ്ജുകളിൽ നിന്നും യാത്രക്കാരെ എടുക്കാം. ടെമ്പിൾ സിഐ ജി.അജയകുമാർ, വികസന സ്ഥിരം സമിതി അധ്യക്ഷൻ എ.എം. ഷെഫീർ എന്നിവരാണ് ഇരുവിഭാഗവുമായി ചർച്ച നടത്തിയത്. ഉടൻ തന്നെ ട്രാഫിക് റഗുലേറ്ററി യോഗം വിളിച്ച് ശാശ്വത പരിഹാരം കാണുമെന്ന് സിഐ ജി. അജയകുമാർ അറിയിച്ചു.