ഇനിയും പ്രതികരിക്കും; പലരുടെയും കണ്ണുതുറക്കാൻ: എം.എൽ. റോസി
1582154
Friday, August 8, 2025 1:19 AM IST
തൃശൂർ: മേയർക്കെതിരേ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്പോഴും താൻ പാർട്ടി വിടുമെന്ന് ആരും കരുതേണ്ടെന്നും തനിക്കു പദവി തന്നവർക്ക് ആ ബഹുമാനം തിരികെനൽകുമെന്നും ഡെപ്യൂട്ടി മേയർ എം.എൽ. റോസി. തന്റെ ഓഫീസ് മുറിയിലെ ശുചിമുറിയിൽ ഉച്ചകഴിഞ്ഞാൽ പതിവായി വെള്ളം മുടങ്ങാറുണ്ട്. അക്കാര്യം പലതവണ അറിയിച്ചിട്ടും പരിഹാരം ആകാത്തതിനെത്തുടർന്നാണു പരസ്യമായി പ്രതിഷേധിച്ചത്. വിഷയം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. എന്നാൽ കോർപറേഷൻഭരണത്തിലെ കൂട്ടായ്മക്കുറവിനെതിരേ ഇനിയും പ്രതികരിക്കും. അതൊരു കണ്ണുതുറക്കലിനുംകൂടിയാണ്. എന്നുകരുതി താൻ പാർട്ടി വിടുമെന്ന് ആരും കരുതേണ്ട.
ഡെപ്യൂട്ടി മേയറായി നാളിതുവരെയായി ഒരു നെയിംബോർഡ് നൽകാനോ ഓഫീസ് മുറിയുടെയും ശുചിമുറിയുടെയും തകരാറുള്ള വാതിലുകൾ മാറ്റാനോ പ്രശ്നം പരിഹരിക്കാനോ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഓഫീസ് മുറിയിലേക്കു ടിവി ആവശ്യപ്പെട്ടിരുന്നു. പക്ഷേ ലഭിച്ചതു പഴക്കമേറെയുള്ള ടിവിയാണ്. എന്നാൽ എം.കെ. വർഗീസ് മേയറായി ചുമതലയേറ്റപ്പോൾ ചേംബർ പൊളിച്ചുപണിതതും അതിന് എലിയെ പഴിച്ചതും എല്ലാവർക്കും അറിയുന്നതാണ്. അത്തരം സാഹസത്തിനു താൻ മുതിരാത്തത്, തനിക്കല്ല നാടിനാണു വികസനം ആവശ്യമുള്ളത് എന്നറിയാവുന്നതിലാണ്: റോസി പറഞ്ഞു.