അതിരൂപത സമുദായജാഗ്രതാ സദസ് സെപ്റ്റംബർ 21ന്
1581652
Wednesday, August 6, 2025 2:17 AM IST
തൃശൂര്‍: കത്തോലിക്കാസഭയും സമുദായവും കാലങ്ങളായി അനുഭവിച്ചുവരുന്ന നിരവധി പ്രശ്നങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിഷേധാത്മകനയം സ്വീകരിക്കുകയാണെന്നു തൃശൂർ അതിരൂപതയിലെ സംഘടനാ ഏകോപനസമിതി കുറ്റപ്പെടുത്തി.
രാജ്യത്തു മതസ്വാതന്ത്യത്തിനുനേരേ ഉയരുന്ന വെല്ലുവിളികൾ, ജെ.ബി. കോശി കമ്മീഷൻ നടപടികളിൽ സർക്കാർ സ്വീകരിക്കുന്ന ഒളിച്ചുകളി, വിദ്യാഭ്യാസമേഖലയിലെ മതനിഷേധശ്രമങ്ങൾ, മലയോര- തീരദേശ- ചെറുകിട കച്ചവടമേഖലകളിലെ വെല്ലുവിളികൾ, സഭയുടെ സ്വത്തുവകകൾ കൈയടക്കാനുള്ള നീക്കങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിശ്വാസിസമൂഹത്തെ ബോധവത്കരിക്കാനും പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരാനും സെപ്റ്റംബർ 21നു തൃശൂരിൽ അതിരൂപതാതല സമുദായജാഗ്രതാസദസ് സംഘടിപ്പിക്കാൻ ഏകോപനസമിതി യോഗം തീരുമാനിച്ചു.
ഓരോ ഇടവകയിൽനിന്നും പ്രതിനിധികളെ പങ്കെടുപ്പിക്കുന്ന ജാഗ്രതാസദസിൽ മതമേലധ്യക്ഷൻമാരും സമുദായനേതാക്കളും പങ്കെടുക്കും. ഇതിന് അനുബന്ധമായി അതിരൂപതയിലെ 240 ഇടവകകളിൽ ബോധവത്കരണസദസുകൾ നടന്നുവരികയാണ്. വികാരി ജനറാൾമാരായ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ, മോൺ. ജോസ് കോനിക്കര, ചാൻസലർ ഡോ. ഡൊമിനിക് തലക്കോടൻ, കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. ജിജോ വള്ളൂപ്പാറ, ഏകോപനസമിതി കൺവീനർ ഡോ. ടോണി ജോസഫ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി എന്നിവർ പ്രസംഗിച്ചു.