ഫിറ്റ്നസ് നഷ്ടമായ സ്കൂൾ കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശം
1581897
Thursday, August 7, 2025 1:07 AM IST
പുതുക്കാട്: അളഗപ്പനഗർ എഎൽപി സ് കൂൾ, മറ്റത്തൂർ ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിലെ ഫിറ്റ്നസ് നഷ്ടമായ കെട്ടിടങ്ങൾ ഉടൻ പൊളിച്ചുമാറ്റണമെന്ന് കെ.കെ. രാമചന്ദ്രൻ എംഎൽഎ പറഞ്ഞു. എംഎൽഎ വിളിച്ചുചേർത്ത പുതുക്കാട് മണ്ഡലം വിദ്യാലയസുരക്ഷാ അവലോകനയോഗത്തിലായിരുന്നു നിർദേശം.
അളഗപ്പനഗർ എഎൽപി സ്കൂളിനും മറ്റത്തൂർ ജിഎൽപി സ്കൂളിനും പുതിയ കെട്ടിടത്തിന് മണ്ഡലം ആസ്തിവികസന ഫണ്ടിൽനിന്നു തുക അനുവദിക്കുമെന്നും എംഎൽഎ പറഞ്ഞു. യോഗം എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ. സദാശിവൻ, സജിത രാജീവ്, മിനി ഡെന്നി, സതിസുധീർ, ചാലക്കുടി എഇഒ പി.ബി. നിഷ, ചേർപ്പ് എഇഒ എം.വി. സുനിൽകുമാർ, ബിആർസി കോ-ഓർഡിനേറ്റർ ടി.ആർ. അനൂപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
സ്കൂളുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ഗ്രാമപഞ്ചായത്തുകൾ, ദുരന്തനിവാരണവകുപ്പ്, സോഷ്യൽ ഫോറസ്ട്രി ഉൾപ്പടെയുള്ളവർ ഉൾക്കൊള്ളുന്ന ട്രീ കമ്മിറ്റി ഉടൻചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ നിർദേശമുണ്ടായി.
അപകടകരമായ വൈദ്യുതി ലൈനുകൾ, പോസ്റ്റുകൾ ഇവ മാറ്റുന്നതിന് പരിശോധനാനടപടികൾ നടക്കുന്നതായും വിദ്യാലയങ്ങളോടുചേർന്ന ലൈനുകൾ കേബിളുകളാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതായും കെഎസ് ഇബി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.