മേയർക്ക് എതിരേ ഭരണപക്ഷം; സംരക്ഷിക്കുമെന്നു പ്രതിപക്ഷം
1582422
Saturday, August 9, 2025 1:01 AM IST
തൃശൂർ: മേയർക്കെതിരേ വീണ്ടും ഭരണപക്ഷം. മേയറെ സംരക്ഷിക്കുമെന്നു പ്രതിപക്ഷവും. വഞ്ചിച്ചു പുറത്താക്കിയവർ എന്തുകാണിച്ച് സംരക്ഷിക്കുമെന്നു ഭരണപക്ഷത്തിന്റെ ചോദ്യം. കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ വീണ്ടും നാടകീയനിമിഷങ്ങൾ.
അങ്കണവാടിനിർമാണത്തിനായി സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള അജൻഡയിൽ, കുട്ടികളില്ലാത്ത സാഹചര്യത്തിൽ അങ്കണവാടിതന്നെ വേണമെന്നില്ല എന്ന് പ്രതിപക്ഷ കൗണ്‍സിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ മുകേഷ് കൂളപറന്പിൽ നടത്തിയ പരാമർശമാണ് തമ്മിൽത്തല്ലിനു തുടക്കമിട്ടത്.
അങ്കണവാടിയെന്നതു കുട്ടികളെ നോക്കാൻ മാത്രമുള്ള ഇടമല്ലെന്നും തന്റെ ഡിവിഷനിൽ അങ്കണവാടിക്കു സ്ഥലം വാങ്ങിയിട്ടുണ്ടെന്നും പ്രതിപക്ഷ കൗണ്‍സിലർ ലാലി ജെയിംസ് പറഞ്ഞതോടെ ഭരണമുന്നണി കൗണ്‍സിലർ അനീസ് അഹമദ് മേയർക്കെതിരേ രംഗത്തുവന്നു.
ചിലർക്കുമാത്രം ചില പദ്ധതികൾ നടപ്പാക്കിക്കിട്ടുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം അറിയിച്ച അനീസിനെ ശാന്തനാക്കാൻ മേയർ എം.കെ. വർഗീസ് ശ്രമിച്ചെങ്കിലും അനീസിനു പിന്തുണയുമായി ഭരണമുന്നണിയിലെതന്നെ സാറാമ്മ റോബ്സണും ഷീബ ബാബുവും ശബ്ദം ഉയർത്തിയതോടെ, കിട്ടിയ അവസരം മുതലാക്കാനുള്ള പ്രതിപക്ഷശ്രമത്തെച്ചൊല്ലിയും കൗണ്‍സിലിൽ ഇരുമുന്നണികളും കൊന്പുകോർത്തു.
പാർട്ടിയിലെ തമ്മിൽത്തല്ല് പാർലിമെന്ററി പാർട്ടിസമ്മേളനത്തിൽ മതിയെന്നും മേയറെ ഒറ്റപ്പെടുത്തരുതെന്നും മേയർക്കു പ്രതിപക്ഷം സംരക്ഷണം നൽകുമെന്നും പ്രതിപക്ഷനേതാവ് രാജൻ പല്ലനും കോണ്‍ഗ്രസ് കൗണ്‍സിലർ ജോണ്‍ ഡാനിയലും പറഞ്ഞു. ഇതിനെതിരേ രംഗത്തുവന്ന ഭരണമുന്നണി കൗണ്‍സിലർ ആർ. രാഹുൽനാഥിന്റെ സംസാരത്തിനു തടയിടാനുള്ള വർഗീസ് കണ്ടംകുളത്തിക്ക് എതിരേ രാഹുൽനാഥും തിരിഞ്ഞതോടെ വാദപ്രതിവാദങ്ങൾ ശക്തമായി. നേതാക്കൾക്കുമാത്രമല്ല മറ്റുള്ളവർക്കും സംസാരിക്കാൻ അനുവാദമുണ്ടെന്നായി രാഹുൽനാഥ്.
അങ്കണവാടി വിഷയവുമായി ബന്ധപ്പെട്ട് പലതവണ ആവശ്യപ്പെട്ടിട്ടും നടപ്പാക്കാൻ കഴിയാതെ പോയതാണ് അനീസിന്റെ പ്രതിഷേധത്തിന് ഇടയാക്കിയത്. വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധിക്കാമെന്നും എല്ലാവർക്കും പദ്ധതികൾ ഒരുപോലെ ലഭ്യമാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും മേയർ പറഞ്ഞു.
കോർപറേഷന്റെ സബ്സ്റ്റേഷൻ നിർമാണോദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ചിത്രം എല്ലായിടത്തും ഫ്ലെക്സ് അടിച്ചുവയ്ക്കുന്പോഴും കേന്ദ്രമന്ത്രിയുടെ ഒഴിവുകൂടി അറിഞ്ഞുവേണം അതു ചെയ്യാനെന്നും മനഃപൂർവം ഒഴിവാക്കാനുള്ള ശ്രമം അംഗീകരിക്കാൻ കഴിയില്ലെന്നും ബിജെപി കൗണ്‍സിലർമാർ പറഞ്ഞു. എന്നാൽ, സുരേഷ്ഗോപിയെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയില്ലെന്നായിരുന്നു മേയറുടെ വാദം.
മേൽക്കൂര റോഡിലേക്കു വീണ സംഭവം:
വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് മേയർ
തൃശൂർ: കോർപറേഷൻ കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റുമേഞ്ഞ മേൽക്കൂര എംഒ റോഡിലേക്കു വീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് മേയർ എം.കെ. വർഗീസ്.
എന്നാൽ, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാതിരിക്കാനുള്ള തന്ത്രമാണിതെന്നും വിജിലൻസ് അന്വേഷണം പ്രഖ്യാപനത്തിൽ ഒതുങ്ങുമെന്നും പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ കുറ്റപ്പെടുത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു സർക്കാരിനു റിപ്പോർട്ട് കൈമാറണം. സെക്രട്ടറിയുടെ റിപ്പോർട്ടിൽ അസിസ്റ്റന്റ് എൻജിനീയർ നിഷാന്തിനു വീഴ്ച പറ്റിയതാണെന്നുണ്ടെന്നും ടെക്നിക്കൽ അനുമതി കൊടുത്ത അന്നത്തെ സൂപ്രണ്ടിംഗ് എൻജിനീയർ ഷൈബി ജോർജ് നിയമം പാലിച്ചിട്ടില്ലെന്നും രാജൻ പല്ലൻ കുറ്റപ്പെടുത്തി.