ടോള്‍പിരിവ് നിര്‍ത്തി; പാലിയേക്കരയില്‍ ആഹ്ലാദപ്രകടനം
1581888
Thursday, August 7, 2025 1:07 AM IST
പാലിയേക്കര: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍പിരിവ് നിര്‍ത്തിവെച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30നു ടോള്‍ ബൂത്തുകള്‍ തുറന്ന്, ഫാസ്ടാഗ് റീഡിംഗ് സംവിധാനം നിര്‍ത്തിവയ്ക്കുകയായിരുന്നു. ദേശീയപാതയിലെ ടോള്‍പിരിവ് ഒരുമാസത്തേക്കു നിര്‍ത്തിവയ്ക്കാനുളള ഹൈക്കോടതി ഉത്തരവിനെതുടര്‍ന്നായിരുന്നു നടപടി.
ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് ഹർജിക്കാരായ ഷാജി കോടങ്കണ്ടത്ത്, ഒ.ജെ. ജെനീഷ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ടോള്‍പ്ലാസയിലെത്തി ആഹ്ലാദപ്രകടനം നടത്തി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ ടോള്‍ബൂത്തുകള്‍ തുറന്നുനല്‍കുകയും യാത്രക്കാര്‍ക്കു മധുരം നല്‍കുകയും ചെയ്തു.
14 വര്‍ഷം തുടര്‍ച്ചയായി എഐവൈഎഫ് നടത്തിയ സമരത്തിന്റെ ഫലമാണ് കോടതി ഉത്തരവെന്നു പ്രതിഷേധം ഉദ്ഘാടനംചെയ്ത പ്രസാദ് പാറേരി അവകാശപ്പെട്ടു.
പാലിയേക്കര ടോള്കൊള്ളയ്ക്കും ഗതാഗതക്കുരുക്കിനും എതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിരന്തരമായ സമരങ്ങളെതുടര്ന്നുണ്ടായ ഹൈക്കോടതിവിധി സ്വാഗതാര്‍ഹമാണെന്നു യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം, ഒല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആല്‍ജോ ചാണ്ടി എന്നിവര്‍ പറഞ്ഞു. ടോള്‍പിരിവ് മരവിപ്പിച്ച ഹൈക്കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് -എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ജോര്‍ജ് താഴെക്കാടന്‍ പറഞ്ഞു.
വിജയിച്ചതു വർഷങ്ങളുടെ നിയമപോരാട്ടം
സ്വന്തം ലേഖകൻ
തൃശൂർ: ദേശീയപാത 544 ൽ മണ്ണുത്തി-ഇടപ്പള്ളി ഭാഗത്തു ടോൾപിരിവ് നിർത്തലാക്കാനുള്ള ഹൈക്കോടതി ഉത്തരവ് പുറത്തുവന്നപ്പോൾ വിജയംകണ്ടത് കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് അടക്കമുള്ളവരുടെ നിരന്തരപോരാട്ടം.
ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനു ടോൾ പിരിക്കാനുള്ള കാലാവധി 2026 ൽനിന്ന് 2028ലേക്കു നീട്ടിനൽകിയതും ന്യായമായ ലാഭമുണ്ടാക്കിയിട്ടും പിരിവു തുടരുന്നതും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് അഡ്വ. ഗംഗേഷ് മുഖാന്തരമാണു ഹൈക്കോടതിയിൽ ഹർജി നൽകിയത്.
പാലിയേക്കര ടോളിന്റെ പരിധിയിലുള്ളവർക്കു സൗജന്യ പാസ് നിർത്തലാക്കാനുള്ള നീക്കത്തിനെതിരേയാണു ആദ്യം ഷാജി കോടങ്കണ്ടത്തും സനീഷ് കുമാർ ജോസഫും രംഗത്തുവന്നത്. ഇക്കാര്യമുന്നയിച്ചു 2019ൽ സുപ്രീം കോടതിയിൽ ഹർജി നൽകി. കോടതിയുടെ വാക്കാലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 2021ൽ ഹൈക്കോടതിയിൽ ഹർജി നൽകി.
2028 വരെ ടോൾ പിരിക്കുന്നതു നീട്ടിനൽകിയതു റദ്ദാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. മണ്ണുത്തി - ഇടപ്പള്ളി റോഡ് നിർമാണത്തിന് 312 കോടിയുടെ ടെൻഡറാണു വിളിച്ചത്. നിർമാണം പൂർത്തിയായപ്പോൾ 723 കോടി ചെലവായെന്ന കണക്കു പുറത്തുവിട്ടു. ഇതുവരെ 1500 കോടിക്കു മുകളിൽ പിരിച്ചു. മണ്ണുത്തി മുതൽ അങ്കമാലി വരെ ബിഒടി കരാറും അങ്കമാലി മുതൽ ഇടപ്പള്ളിവരെ എംഒടി കരാറുമാണു നിലവിലുള്ളത്. ഈ രണ്ടു റീച്ചുകളിലുമായി അമിതമായ ലാഭമാണു കന്പനിക്കു ലഭിച്ചതെന്നും ടോൾ നിർത്തണമെന്നതുമായിരുന്നു രണ്ടാമത്തെ ആവശ്യം.
ഇതിൽ വാദം തുടരുന്പോഴാണ് അടിപ്പാതകളുടെ നിർമാണം ആരംഭിച്ചത്. മതിയായ സൗകര്യങ്ങൾ ഉറപ്പാക്കാതെയാണ് അടിപ്പാതകൾ നിർമിക്കുന്നതെന്നും ഗതാഗതക്കുരുക്ക് തുടരുന്ന സാഹചര്യത്തിൽ ടോൾ നിർത്തണമെന്നും ആവശ്യപ്പെട്ട് ഉപഹർജി നൽകി. ഈ ഹർജി പരിഗണിച്ചാണു നാലാഴ്ചത്തേക്കു ടോൾപിരിവ് നിർത്താൻ ഹൈക്കോടതി ഉത്തരവിട്ടത്.
റോഡ് നിർമാണത്തിൽ ദേശീയപാത അഥോറിറ്റിയുടെ ഭാഗത്തുനിന്നു ഗുരുതരമായ പിഴവുണ്ടായെന്നും ടോൾ പിരിക്കാൻ അനുമതി നൽകുന്പോൾ ഗതാഗതം സുഗമമാക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും പ്രശ്നം പരിഹരിക്കുന്നതിൽ അഥോറിറ്റിക്കു വീഴ്ചപറ്റിയെന്നും ഹൈക്കോടതിവിധിയിൽ ചൂണ്ടിക്കാട്ടി.
നാലാഴ്ച: ടോൾ കന്പനിക്ക്
നഷ്ടം 16 കോടി
തൃശൂർ: നാലാഴ്ച ടോൾപിരിവ് നിർത്തുന്പോൾ ടോൾ കന്പനിക്കു നഷ്ടം 16 കോടിയോളം രൂപ. 2024 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ചു പ്രതിദിനം 40,000 വാഹനങ്ങളിൽനിന്ന് ശരാശരി 53 ലക്ഷം രൂപയാണു ലഭിക്കുന്നത്. 2028 ജൂണ്വരെയാണു ടോൾ പിരിക്കാൻ അനുമതി.
മണ്ണുത്തി - ഇടപ്പള്ളി പാതയ്ക്കായി 720 കോടിയാണു ചെലവ്. 2024 ഡിസംബർ 31 വരെ 1506.28 കോടി പിരിച്ചെടുത്തു. പുതിയ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും 93 കോടിയെങ്കിലും കഴിഞ്ഞ ആറുമാസത്തിനിടെ പിരിച്ചിട്ടുണ്ട്. 55 രൂപയിൽ തുടങ്ങിയ ടോൾപിരിവ് ഇപ്പോൾ 95 രൂപയായി. വർഷാവർഷം സെപ്റ്റംബർ ഒന്നിനു ടോൾനിരക്ക് വർധിപ്പിക്കും. ഓരോ വർഷം കഴിയുന്പോഴും അമിതമായ ലാഭമാണു കരാർ കന്പനിക്കു ലഭിക്കുന്നത്.
ടോൾപിരിവ് കാലാവധി
നീട്ടിനൽകിയാൽ നിയമനടപടി:
അഡ്വ. ജോസഫ് ടാജറ്റ്
തൃശൂർ: ഹൈക്കോടതിവിധിയെത്തുടർന്നു നിർത്തലാക്കിയ ടോൾപിരിവ് കാലയളവ് ദേശീയപാത അഥോറിറ്റിയോ സംസ്ഥാന സർക്കാരോ ഇടപെട്ടു പിന്നീടു നീട്ടിനൽകിയാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
പ്രളയസമയത്തും കോവിഡ് കാലത്തും ടോൾപിരിവ് നിർത്തിവച്ചു. ഇതു പിന്നീടു നീട്ടിനൽകി. കോടതിവിധിയിൽ ആശ്വാസമുണ്ട്. പത്തുവർഷമായി കോണ്‍ഗ്രസിന്റെ വിവിധ നേതാക്കൾ നടത്തിയ പോരാട്ടമാണു ഫലംകണ്ടത്.
കരാർലംഘനത്തെക്കുറിച്ചു വിവരാവകാശരേഖകളടക്കമാണു പരാതി നൽകിയത്. എല്ലാവർഷവും സെപ്റ്റംബർ ഒന്നിനു ടോൾനിരക്ക് വർധിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. 2018 മുതൽ കോടതി നൽകിയ നിർദേശങ്ങൾ കരാർകന്പനി പാലിച്ചില്ല. 2022ൽ സേഫ്റ്റി ഓഡിറ്റിംഗിൽ കണ്ടെത്തിയ 50 പിഴവുകളിൽ അഞ്ചെണ്ണത്തിന്റെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.
ഗതാഗതയോഗ്യമല്ലാത്തതിനാൽ ടോൾപിരിവ് നിർത്താനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് സർക്കാർ ഇടപെട്ട് അട്ടിമറിച്ചു എന്ന ആരോപണം ശരിവയ്ക്കുന്നതാണു കോടതിവിധി. കളക്ടറുടെ നടപടി സർക്കാർ അംഗീകരിച്ചിരുന്നെങ്കിൽ മൂന്നുമാസത്തെ നരകയാതനയും ധനനഷ്ടവും യാത്രക്കാർക്ക് ഉണ്ടാകുമായിരുന്നില്ല. ഹൈക്കോടതിയുടെ താത്കാലിക ഉത്തരവെങ്കിലും ഉണ്ടായതിൽ സന്തോഷമുണ്ടെന്നും അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.