അംബേദ്കർ ഗ്രാമം: ആയിരത്തോളം ഉന്നതികൾക്ക് സഹായംനൽകി: മന്ത്രി ഒ.ആർ. കേളു
1582434
Saturday, August 9, 2025 1:01 AM IST
മാള: അംബേദ്കർ ഗ്രാമം പദ്ധതി ആരംഭിച്ച് പത്ത് വർഷം പിന്നിടുമ്പോൾ ആയിരത്തോളം ഉന്നതികൾക്ക് ഒരുകോടി രൂപ വീതം സർക്കാർ സഹായം ലഭ്യമാക്കിയതായി മന്ത്രി ഒ.ആർ. കേളു.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എസ്സി വിഭാഗത്തിൽ നിന്നുള്ള 50 ഉന്നതികളും എസ്ടി വിഭാഗത്തിൽ നിന്നുള്ള 50 ഉന്നതികളും ഉൾപ്പെടെ ആകെ 100 ഉന്നതികൾ ഓരോ വർഷവും തെരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു. പൊയ്യ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പൂപ്പത്തി ഉന്നതിയിൽ അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി പൂർത്തിയായ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വി. ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. പൂപ്പത്തിയിലുള്ള അംബേദ്കർ ഗ്രാമത്തിൽ 72,32,209 രൂപ ചെലവഴിച്ച് നാല് നിർമാണ പ്രവർത്തങ്ങളാണ് പൂർത്തീകരിച്ചത്. 5,83,088 രൂപ ചെലവഴിച്ച് 109 വീടുകളിലേക്ക് 500 ലിറ്റർ പിവിസി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു.
വീടുകളിലേക്കുള്ള കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായി 17 വീടുകളിലേക്ക് ഗാർഹിക വാട്ടർ കണക്ഷൻ ലഭ്യമാക്കുന്നതിനായി 11,64,569 രൂപ ചെലവഴിച്ചു. 20,39,815 രൂപ ചെലവഴിച്ച് രണ്ട് നിലകളിലായി വനിതാ സ്വയംതൊഴിൽ കേന്ദ്രം നിർമിച്ചിട്ടുണ്ട്.
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്്് രേഖ ഷാന്റി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് പി. കെ. ഡേവിസ്, തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ സന്ധ്യ, എസ്സി ഡെവലപ്മെന്റ് ഓഫീസർ എസ്. ശ്യാം ശങ്കർ, ജനപ്രതിനിധികൾ, മെമ്പർമാർ, ഉന്നതി നിവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.