അരിപ്പാലത്തെ മാവേലിസ്റ്റോര്‍ നിര്‍ത്തി
1582431
Saturday, August 9, 2025 1:01 AM IST
അരിപ്പാലം: പൂമംഗലം പഞ്ചായത്തില്‍ അരിപ്പാലത്ത് പ്രവര്‍ത്തിച്ചിരുന്ന സിവില്‍സപ്ലൈസിന്റെ മാവേലിസ്റ്റോര്‍ നിര്‍ത്തി. വര്‍ഷങ്ങളായി പ്രദേശത്തെ ജനങ്ങള്‍ക്ക് ആശ്രയമായിരുന്ന മാവേലിസ്റ്റോറാണ് ഓഗസ്റ്റ് ഒന്നുമുതല്‍ നിര്‍ത്തിയത്. അരിപ്പാലത്ത് മാവേലിസ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഉടമ മറ്റൊരാള്‍ക്ക് വിറ്റതി നാല് ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. കരാര്‍ തീര്‍ന്നതോടെയാണ് ആ മാസം മുതല്‍ സ്റ്റോറിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്.
മാവേലിസ്റ്റോര്‍ പൂട്ടിയതിനെതിരേ ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റി രംഗത്തെത്തി. പൂമംഗലം പഞ്ചായത്തിന്റെ അനാസ്ഥയാണ് അടച്ചുപൂട്ടലിന് കാരണമെന്ന് ബിജെപി ആരോപിച്ചു. ഓണത്തിനു മുന്‍പ് ഔട്ട്ലറ്റ് തുറന്നുപ്രവര്‍ത്തിച്ചില്ലെങ്കില്‍ പഞ്ചായത്തില്‍ ഉപരോധം നടത്തുമെന്നും ബിജെപി നേതാവ് ബിജോയ് കുന്നുമ്മല്‍ പറഞ്ഞു.
അതേസമയം പൂമംഗലം പഞ്ചായത്തില്‍ത്തന്നെ മാവേലി സ്റ്റോര്‍ തുടരുമെന്നും അരിപ്പാലത്ത് മറ്റൊരുസ്ഥലം കിട്ടാത്തതിനാല്‍ എടക്കുളം നെറ്റിയാട് സെന്ററിലേക്കാണ് മാവേലിസ്റ്റോര്‍ മാറ്റുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു. പൂമംഗലം സഹകരണബാങ്ക് നേരത്തേ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അരിപ്പാലത്ത് പ്രവര്‍ത്തിച്ചുവരുന്ന മാവേലിസ്റ്റോര്‍ താത്കാലികമായി നിര്‍ത്തിയത്.
ഓണത്തിന് മുന്‍പേ എടക്കുളത്ത് മാവേലിസ്റ്റോര്‍ അവിടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.