ആവർത്തിച്ചു ശ്രദ്ധയിൽപ്പെടുത്തിയിട്ടും എൻഎച്ച്എഐ നടപടിയെടുത്തില്ല
1582156
Friday, August 8, 2025 1:19 AM IST
തൃശൂർ: മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ ടോൾപിരിവ് നിർത്തലാക്കിയ ഹൈക്കോടതിവിധിയിൽ എൻഎച്ച്എഐയ്ക്കു രൂക്ഷവിമർശനം. സംസ്ഥാന ചീഫ് സെക്രട്ടറി, കരാറുകാരൻ, എൻഎച്ച്എഐ എന്നിവയുമായി ചേർന്നു ചർച്ചനടത്തി കേന്ദ്രസർക്കാർ ഉചിതമായ നടപടി സ്വീകരിക്കണം. എൻഎച്ച്എഐ പ്രശ്നങ്ങൾ കൃത്യമായ സമയങ്ങളിൽ പരിഹരിക്കേണ്ടതായിരുന്നു. ആവർത്തിച്ചു ശ്രദ്ധയിൽപ്പെടുത്തിയിട്ടും എൻഎച്ച്എഐ കേന്ദ്രസർക്കാരുമായി ചേർന്നു നടപടിയെടുത്തില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.
ദേശീയപാതയിലെ യാത്ര സുഗമമാക്കാൻ എൻഎച്ച്എഐയ്ക്കു ബാധ്യതയുണ്ട്. പൊതുവിശ്വാസത്തിലൂന്നിയുള്ള ബന്ധമാണ് ജനങ്ങളും എൻഎച്ച്എഐയും തമ്മിലുള്ളത്. അതു ലംഘിച്ച് ടോൾ പിരിവ് ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാകില്ല. 65 കിലോമീറ്ററിൽ ആകെ നാലു കിലോമീറ്ററിൽ മാത്രമാണു പ്രശ്നമെന്ന വാദവും ഹൈക്കോടതി തള്ളി.
ഗതാഗതക്കുരുക്കിനു നിരവധി പ്രശ്നങ്ങളുണ്ടാകാം. മേൽപ്പാലം, അടിപ്പാത എന്നിവയുടെ നിർമാണം, സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിലെ കരാർകന്പനിയുടെ പിഴവ് എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തിൽ ജനങ്ങളിൽനിന്നു ടോൾ ഈടാക്കുന്നതിലെ നിയമസാധുതയിൽമാത്രമാണ് ശ്രദ്ധിക്കുന്നതെന്നും കോടതി പറഞ്ഞു.
ടോൾ നിർത്തിവച്ചുള്ള ജില്ലാ കളക്ടറുടെ ഉത്തരവിലും പിഴവുകൾ വ്യക്തമാണ്. ഉത്തരവ് പിൻവലിച്ചതിനുശേഷമുള്ള യോഗത്തിൽ നിർമാണസ്ഥലങ്ങളിൽ റോഡ് ഇടുങ്ങിയതും മഴയിൽ വെള്ളക്കെട്ടുണ്ടായതും പരിഹരിക്കാമെന്നു ദേശീയപാത അഥോറിറ്റി ഉറപ്പുനൽകിയിരുന്നു. ഇതും പാലിച്ചില്ല. സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്നു കരാറുകൾ ഉണ്ടാക്കുന്പോൾ സർക്കാരിന്റെ ഉത്തരവാദിത്വം ഇല്ലാതാകുന്നില്ല.
ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനു മുകളിലല്ല ഒന്നും. ജനങ്ങൾക്കു സേവനങ്ങൾ ലഭിക്കുന്നില്ലെങ്കിൽ സ്വകാര്യകരാറിന്റെ പേരിൽ പണം നൽകാൻ നിർബന്ധിക്കാനാകില്ല. മൂന്നുമണിക്കൂർവരെ യാത്രകൾ വൈകുന്ന സാഹചര്യമുണ്ട്. നിശ്ചിതകാലയളവിനുള്ളിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.