മഴയല്ലിത്, കണ്ണീർ... സിന്ധുവിനു പറയാൻ വാക്കുകളില്ല
1581647
Wednesday, August 6, 2025 2:17 AM IST
സി.ജി. ജിജാസൽ
തൃശൂർ: ആശുപത്രിയിലെ ആധിയിൽനിന്നു വീട്ടിലേക്ക് എത്തിയപ്പോൾ കണ്ടതു നെഞ്ചുതകരുന്ന കാഴ്ച. അക്വാട്ടിക് ലെയ്ൻ തറയിൽ വീട്ടിൽ സിന്ധുവിന് ഇന്നലെ പെയ്ത മഴ നൽകിയതു തീരാദുരിതം.
ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന മാതാവ് വള്ളിക്കുട്ടിയമ്മയുടെ അടുത്തുനിന്നും വീട്ടിലേക്കു വരുന്പോഴാണ് സ്വന്തം വീട് അരയ്ക്കൊപ്പം വെള്ളത്തിൽ മുങ്ങിയ കാഴ്ച കാണുന്നത്. കഴിഞ്ഞ രാത്രി പോകുംവരെ യാതൊരു പ്രശ്നവും ഇല്ലായിരുന്നു. രണ്ടുമണിക്കൂർ പെയ്ത മഴയിൽ വീട് വെള്ളത്തിൽ മുങ്ങി.
ഇലക്ട്രോണിക്സ്, ഭക്ഷ്യവസ്തുക്കൾ, ഫർണീച്ചറുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ വെള്ളത്തിൽ മുങ്ങി. ഇഴജന്തുക്കൾകൂടി വീടുകളിൽ കയറിയതോടെ വീട്ടിലെ അവശ്യവസ്തുക്കൾപോലും മാറ്റാൻ കഴിയാതെ സിന്ധുവും സമീപവീട്ടുകാരും ദുരിതത്തിലായി. സമീപത്തെ വീടായ ലക്ഷ്മിനിവാസിലെ ലക്ഷ്മിക്കുട്ടിയമ്മയെ പോലീസ് ഉൾപ്പെടെയുള്ളവർ എത്തിയാണ് സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയത്.
മുൻവർഷങ്ങളിലും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടങ്കിലും ഇത്രയും പെട്ടെന്നു വെള്ളം കയറുന്നത് ആദ്യമായിട്ടാണെന്നും തുടർച്ചയായി ഉണ്ടാകുന്ന ദുരിതം പരിഹരിക്കാൻ അടിയന്തരനടപടി വേണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു.
വിവരമറിഞ്ഞ് മേയർ എം.കെ. വർഗീസും കോർപറേഷൻ ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. തുടർന്നുനടന്ന പ്രവർത്തനങ്ങളിലൂടെ അരമണിക്കൂറിനുള്ളിൽതന്നെ റോഡുകളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിഞ്ഞെങ്കിലും സിന്ധുവിന്റെയും സമീപവാസികളുടെയും വീട്ടിലെ ദുരിതം ഒഴിഞ്ഞില്ല.