കൊരട്ടിയിൽ റീറ്റെയിനിംഗ് വാളിന്റെ പണിതുടങ്ങി
1581903
Thursday, August 7, 2025 1:07 AM IST
കൊരട്ടി: മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിർമാണം നടക്കുന്നതിന്റെ ഭാഗമായി കൊരട്ടിയിൽ മൂന്നു സ്പാനുകളിലായുള്ള നിർദിഷ്ട പാലത്തിന്റെ റീറ്റെയിനിംഗ് വാൾ നിർമാണത്തിനായി കൊരട്ടി പോലീസ് സ്റ്റേഷനുസമീപം ഇന്നലെ കുഴിയെടുത്തു.
അങ്കമാലി ദിശയിലുള്ള പ്രധാനപാതയ്ക്കും സർവീസ് റോഡിനും ഇടക്കുള്ള ഭാഗത്താണ് കുഴിയെടുക്കൽ തുടങ്ങിയിരിക്കുന്നത്. അഞ്ചര കിലോമീറ്റർ ദൂരത്തിനുള്ളിൽ മുരിങ്ങൂരിലും ചിറങ്ങരയിലും കൊരട്ടിയിലും ഒരേസമയം പണി നടന്നാൽ ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമാകുമെന്ന പൊതുധാരണയുടെ അടിസ്ഥാനത്തിൽ കൊരട്ടിയിലെ നിർമാണം വൈകിക്കുകയായിരുന്നു. മുരിങ്ങൂരിലെയും ചിറങ്ങരയിലെയും അടിപ്പാത നിർമാണവും അപ്രോച്ച് റോഡും അനുബന്ധ നിർമാണങ്ങളും ആവശ്യത്തിനു തൊഴിലാളികളില്ലാതെ മന്ദഗതിയിൽ നടക്കുന്നതിനിടെ കൊരട്ടിയിൽ പണി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
റീറ്റെയിൻ വാളിനായി കുഴിയെടുത്തതറിഞ്ഞ് കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോസഫ്, സേവ് കൊരട്ടി ചെയർമാൻ എൻ.ഐ. തോമസ് എന്നിവരും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. കൊരട്ടിയിൽ നിർമാണം ആരംഭിക്കുന്നതിനുമുമ്പ് നിർമാണത്തിന്റെ വർക്ക് ഷെഡ്യൂൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും കൊരട്ടി സിഐയെയും അറിയിക്കാമെന്ന് നാഷണൽ ഹൈവേ അഥോറിറ്റി പ്രോജക്ട് ഡയറക്ടർ പഞ്ചായത്ത് കാര്യാലയത്തിൽ രണ്ടു മാസംമുമ്പ് ചേർന്ന യോഗത്തിൽ നൽകിയ ഉറപ്പിന്റെ ലംഘനമാണ് ഇന്നലെ നടന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് അടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
റീറ്റെയിൻ വാൾ നിർമിക്കുന്നതിന് കേവലം ജെസിബി ഓപ്പറേറ്ററും ഒരു തൊഴിലാളിയും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നും സൂപ്പർവൈസർമാരോ എൻജിനീയറിംഗ് വിഭാഗത്തിലുള്ളവരോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
വിഷയം ജില്ലാ കളക്ടറുടെയും പ്രോജക്ട് ഡയറക്ടറുടെയും കൊരട്ടി സിഐയുടെയും ശ്രദ്ധയിൽപ്പെടുത്തിയതായും ബദൽ സംവിധാനങ്ങളും ജനങ്ങളുടെ സുഗമമായ സഞ്ചാരവും ഉറപ്പുവരു ത്താതെ കൊരട്ടിയിലെ നിർമാണം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സംഘടനാ പ്രതിനിധികളും പ്രദേശവാസികളും. എൻഎച്ച് എ എയും നിർമാണ കമ്പനിയും നൽകുന്ന ഉറപ്പുകൾ പ്രാവർത്തികമാക്കാറില്ലെന്നും നിർമാണംനിർത്തി യോഗം വിളിച്ചുചേർത്ത് കൂടിയാലോചനകളിലൂടെ ദേശീയപാത വികസനം നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ നിലപാട്. കൊരട്ടിയിൽ പാലം അവസാനിക്കുന്ന ഭാഗത്തുമാത്രമേ ഇപ്പോൾ റീറ്റെയിൻ വാൾ നിർമിക്കൂവെന്നും പാലത്തിന്റെ സ്ട്രക് ച്ചർ അടക്കമുള്ളവ പിന്നീടേ നിർമിക്കുവെന്നുമാണ് എൻഎച്ച് എഐ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ബദൽ സംവിധാനമൊരുക്കാതെ പ്രധാനപാതയ് ക്കും സർവീസ് റോഡിനും ഇടയിൽ കുഴിയെടുത്താൽ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുമെന്നും നിർമാണപ്രവൃത്തികൾ താത്കാലികമായി നിർത്തിവച്ച് മുന്നൊരുക്കം കാര്യക്ഷമമാക്കണമെന്നുമാണ് നാട്ടുകാരുടെ പക്ഷം.