പോലീസ് നടപടി: ചാവക്കാട് നഗരസഭ പ്രതിഷേധിച്ചു
1581655
Wednesday, August 6, 2025 2:17 AM IST
ചാവക്കാട്: നഗരസഭയുടെ കുളിമുറിമാലിന്യ മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ് നഗരസഭയുടെ അനുമതിയില്ലാതെ ഗുരുവായൂർ പോലീസ് പിടിച്ചെടുത്ത നടപടിയെ ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് വാർത്താസമ്മേളനത്തിൽ അപലപിച്ചു.
യൂണിറ്റിന്റെ പ്രവർത്തനം തടസപ്പെടുത്തിയവർക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നും ചെയർപേഴ്സൺ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മനുഷ്യവിസർജ്യ വസ്തുക്കൾ മികച്ച രീതിയിൽ സംസ്കരിക്കാൻ കഴിയുന്നതാണ് സഞ്ചരിക്കുന്ന സംസ്കരണശാല. ദ്രവമാലിന്യം സംസ്കരിച്ച് ലഭിക്കുന്ന വെള്ളം കാന ഉൾപ്പെടെയുള്ള പൊതുസ്ഥലത്ത് ഒഴുക്കികളയാവുന്ന ദുർഗന്ധമില്ലാത്ത വെള്ളമാണ്. ഇതറിയാത്തവരാണ് മലിനജലം ഒഴുക്കിയെന്ന് ബഹളംവച്ച് പോലീസിനെ വരുത്തിയതെന്ന് വൈസ് ചെയർമാൻ കെ.കെ. മുബാറക്, മുൻ ചെയർമാൻ എം.ആർ. രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.
മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ് എന്നത് ചെറിയൊരു ട്രക്കിൽ ക്രമീകരിച്ചിട്ടുള്ള ശാസ്ത്രീയ സെപ്റ്റിക ്ടാങ്ക് സംസ്കരണ യൂണിറ്റാണ്. ഇത് ഒരുമണിക്കൂറിനുള്ളിൽ 6000 ലിറ്റർ മലിനജലം ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ്. ശുദ്ധീകരിച്ച വെള്ളം കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൃഷിക്ക,ോ മറ്റ് ആവശ്യങ്ങൾക്കോ പുനരുപയോഗയോഗ്യമാണ്. ഈ യൂണിറ്റുവഴി ശേഖരിക്കുന്ന ഖരമാലിന്യം കമ്പോസ്റ്റാക്കി മാറ്റാനും സാധിക്കും.
സാമൂഹികവിരുദ്ധരുടെ ഇത്തരം നടപടികൾക്കെതിരേയും കാര്യക്ഷമായി പ്രവർത്തിക്കേണ്ട പോലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരേയും മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും മറ്റും ബന്ധപ്പെട്ട അധികാരികൾക്കും പരാതിനൽകിയിട്ടുണ്ട്.
നഗരസഭയുടെ പ്രതിച്ഛായയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണിബെന്ന് നഗരസഭാധ്യക്ഷ ആരോപിച്ചു. നഗരസഭാ സെക്രട്ടറി എം.എസ്. ആകാശ്, ക്ലീൻ സിറ്റി മാനേജർ ബി. ദിലീപ് തുടങ്ങിയവരും പങ്കെടുത്തു.