ഓഡിറ്റോറിയത്തിന്റെ സീലിംഗ് ഇളകിവീണു
1581889
Thursday, August 7, 2025 1:07 AM IST
മറ്റത്തൂര്‍: കോടാലി ഗവ. എല്‍പി സ്കൂളില്‍ രണ്ടുവര്‍ഷംമുമ്പ് പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്ത ഓഡിറ്റോറിയത്തിനുള്ളിലെ സീലിംഗ് അടര്‍ന്നുവീണു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. രാത്രിയിലായതിനാല്‍ വൻദുരന്തം വഴിമാറി.
രണ്ടായിരത്തിലേറെ ചതുരശ്രഅടി വിസ്തൃതിയുളള ഓഡിറ്റോറിയത്തില്‍ ജിപ്സം ബോര്‍ഡുകൊണ്ടു നിര്‍മിച്ച സീലിംഗാണ് പൂര്‍ണമായി നിലംപൊത്തിയത്. ജിപ്സം ബോര്‍ഡിനൊപ്പം സീലിംഗിലെ ഫാനുകളും വീണു. ഓഡിറ്റോറിയത്തിലുണ്ടായിരുന്ന കസേരകൾ തകര്‍ന്നു.
രാത്രിയില്‍ വലിയ ശബ്ദം കേട്ടതായി സ്കൂളിനു സമീപത്തു താമസിക്കുന്നവര്‍ പറഞ്ഞു. അധ്യയനദിവസങ്ങളില്‍ ഇതിനുള്ളില്‍ കുട്ടികള്‍ ഉണ്ടാവാറുണ്ട്. മഴയുള്ള സമയങ്ങളില്‍ അസംബ്ലി നടക്കാറുള്ളതും ഇവിടെയാണ്. സ്കൂളിലെ ചടങ്ങുകള്‍ക്കുപുറമെ പഞ്ചായത്തുമായി ബന്ധപ്പെട്ട പരിപാടികളും പൊതുപരിപാടികളും നടക്കാറുള്ളതും ഈ ഓഡിറ്റോറിയത്തിലാണ്.
2017-18ലെ പുതുക്കാട് മണ്ഡലം ആസ്തിവികസന ഫണ്ടില്‍നിന്നനുവദിച്ച 54 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മിച്ച ഓഡിറ്റോറിയം 2023ലാണ് പണിപൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയത്. കോസ്റ്റ് ഫോര്‍ഡിനായിരുന്നു നിര്‍മാണച്ചുമതല.
ഓഡിറ്റോറിയത്തിന്റെ ജിഐ ഷീറ്റുമേഞ്ഞ മേല്‍ക്കൂരയില്‍ നേരത്തെ ചോര്‍ച്ച ഉണ്ടായിരുന്നതായും അന്നത്തെ പിടിഎയും വിദ്യാലയസൗഹൃദസമിതിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെതുടര്‍ന്ന് അധികൃതര്‍ ചോര്‍ച്ച പരിഹരിക്കുകയും ചെയ്തിരുന്നതായി പറയുന്നു. ഇപ്പോള്‍ വീണ്ടും ചോര്ച്ചയുണ്ടായതാകാം സീലിംഗ് അടര്‍ന്നുവീഴാന്‍ കാരണമായതെന്നാണ് സംശയം.
അതേസമയം, നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമായെതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി പെയ്ത മഴയെതുടര്‍ന്നാണ് സീലിംഗ് അടര്‍ന്നുവീണതെന്നും സീലിംഗ് വീഴാനിടയായ സാഹചര്യം വിശദമായി പരിശോധിക്കുമെന്നും സ്ഥലത്തെത്തിയ കോസ്റ്റ്ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെതുടര്‍ന്ന് വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും സ്കൂളിലെത്തി.
സീലിംഗ് ഇളകിവീണതു നിര്‍മാണത്തിലെ അപാകതകൊണ്ടാണെന്നാരോപിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തു പ്രതിഷേധവുമായെത്തി. ഗുണനിലവാരം കുറഞ്ഞ സാമഗ്രികളാണ് നിര്മാണത്തിനുപയോഗിച്ചിട്ടുള്ളതെന്നും അഴിമതി നടന്നിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തിനുമുന്നില്‍ ഏറെനേരം മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പാര്‍ട്ടിപ്രവര്‍ത്തകരെ പോലീസ് എത്തിയാണ് നീക്കിയത്.
സീലിംഗ് തകര്‍ന്ന സംഭവം അന്വേഷിച്ചു നടപടിയെടുക്കണമെന്നു സ്ഥലം സന്ദര്‍ശിച്ച ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന് ആവശ്യപ്പെട്ടു. 54 ലക്ഷം രൂപയുടെ നിര്‍മാണപ്രവൃത്തിയില്‍ വന്അപാകതയാണ് ഉണ്ടായിട്ടുള്ളതെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ആരോപിച്ചു.
സമഗ്ര അന്വേഷണം വേണം:
കെ.കെ. രാമചന്ദ്രന്
കോടാലി: സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ സീലിംഗ് ഇളകി വീണ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും കെ.കെ. രാമചന്ദ്രന് എംഎല്‍എ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിക്കു കത്തയച്ചതായി എംഎല്‍എ പറഞ്ഞു.
2017-18 സാമ്പത്തികവര്‍ഷത്തില്‍ മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 54 ലക്ഷം രൂപയുടെ പ്രൊപ്പോസലില്‍ 47 ലക്ഷം രൂപ വിനയോഗിച്ചാണ് ഓഡിറ്റോറിയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിര്‍മാണത്തില്‍ അപാകത ഉണ്ടായിട്ടുണ്ടോ എന്നു അടിയന്തിരമായി പരിശോധിക്കണമെന്നും വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസമന്ത്രിയോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടതായും എംഎല്‍എ പറഞ്ഞു.