മണിക്കൂറുകൾ നീണ്ട മഴ; സർവത്ര വെള്ളം
1581657
Wednesday, August 6, 2025 2:17 AM IST
മുരിങ്ങൂർ കോട്ടമുറിയിൽ
വീടുകളിലും സ്ഥാപനങ്ങളിലും വെള്ളംകയറി
മുരിങ്ങൂർ: രണ്ടു മണിക്കൂറുകൾ നീണ്ട ശക്തമായ മഴയിൽ ദേശീയപാത 544 മുരിങ്ങൂർ കോട്ടമുറിയിൽ വീടുകളിലും സ്ഥാപനങ്ങളിലുമായി പത്തിടങ്ങളിൽ വെള്ളം കയറി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച കാനയുടെ അശാസ്ത്രീയത മൂലമാണ് കാനകൾ നിറഞ്ഞതും വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതും. നിർമാണത്തിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചെങ്കിലും കരാർ കമ്പനിയോ നാഷണൽ ഹൈവേ അഥോറിറ്റിയോ ചെവിക്കൊള്ളാതിരുന്നതിന്റെ തിക്തഫലമാണു പ്രദേശവാസികൾ നേരിടുന്നത്.
കാനയിൽ അടിഞ്ഞുകൂടിയ മണ്ണുപോലും നീക്കാ തെയായിരുന്നു കാനയ്ക്കുമുകളിലെ സ്ലാബിടൽ നടന്നത്. കാനയുടെ രണ്ടു ഭാഗങ്ങളും അടച്ചതുമൂലം കാനയിലെത്തുന്ന വെള്ളം ഒഴുക്കിക്കളയാൻ ജലനിർഗമനമാർഗങ്ങളില്ല. കാനയിൽ മഴവെള്ളം നിറഞ്ഞാൽ റോഡുകളിലും വീടുകളിലും സ്ഥാപനങ്ങളിലും അടുത്ത പറമ്പുകളിലും വെള്ളം കയറുന്ന അവസ്ഥയാണു നിലനിൽക്കുന്നത്.
2018ലെ പ്രളയത്തിൽപോലും വെള്ളം കയറാതിരുന്ന വീടുകളിലാണു കേവലം രണ്ടു മണിക്കൂർ നീണ്ടുനിന്ന മഴയിൽ വെള്ളം കയറിയിരിക്കുന്നത്. സംഭവമറിഞ്ഞ് മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിതയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലത്തെത്തി.
ദേശീയപാതയുടെ ഇരുഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാവുകയും പ്രദേശവാസികൾ പ്രതിഷേധത്തിലുമായതോടെ പ്രസിഡന്റ് ് ജില്ലാ കളക്ടറെയും തഹസിൽദാരെയും പോലീസിനെയും എൻഎച്ച്എഐയും വിവരം അറിയിച്ചു. സ്ഥലത്ത് കരാർ കമ്പനിയുടെ മേൽനോട്ടക്കാരോ എൻഎച്ച്എഐ പ്രതിനിധികളാോ ഉണ്ടായിരുന്നില്ല.
കാനയിൽ നിറഞ്ഞ വെള്ളം കാനയുടെ ഒരു ഭാഗം പൊളിച്ച് തൊട്ടടുത്ത ഇറിഗേഷൻ കനാലിലേക്ക് ഒഴുക്കി താത്കാലിക പരിഹാരം ഉണ്ടാക്കണമെന്ന നിലപാടിൽ പഞ്ചായത്ത് പ്രസിഡന്റും മറ്റു ജനപ്രതിനിധികളും ഉറച്ചുനിന്നു. സംഭവമറിഞ്ഞെത്തിയ കരാർ കമ്പനി പ്രതിനിധികൾ ആദ്യം വഴങ്ങിയില്ലെങ്കിലും പ്രസിഡന്റും പ്രദേശവാസികളും നിലപാട് കടുപ്പിച്ചതോടെ കാനയുടെ പാർശ്വഭിത്തിയുടെ കോൺക്രീറ്റിന്റെ ഒരുഭാഗം മുറിച്ചുമാറ്റി വെള്ളം തുറന്നുവിട്ടു. ഇതോടെയാണ് വെള്ളക്കെട്ടിനുപരിഹാരമായത്. ദേശീയപാതയുടെ മറുഭാഗത്തും കോൺക്രീറ്റ് മുറിച്ചുമാറ്റി ഗ്രാമീണ റോഡിലേക്ക് ഒഴുക്കിവിട്ടു.
വെള്ളക്കെട്ട് രൂക്ഷമായതിനൊപ്പം ഇന്നലെ രാവിലെ മുതൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് മുരിങ്ങൂർ മുതൽ കൊരട്ടിവരെയും പെരുമ്പി മുതൽ പൊങ്ങംവരെയും രൂപപ്പെട്ടത്.
രണ്ടു ദിവസം വെയിൽ ലഭിച്ചാൽ മുരങ്ങൂരിലെയും ചിറങ്ങരയിലെയും കൊരട്ടിയിലെയും ബദൽ റോഡുകൾ ടാർ ചെയ്യുമെന്ന് കഴിഞ്ഞ മാസം ജില്ലാ കളക്ടറുടെയും എംപി, എംഎൽഎ എന്നിവരുടെയും സാന്നിധ്യത്തിൽ എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ ജനങ്ങൾക്ക് നൽകിയ ഉറപ്പ് വെറുംവാക്കായി. ഉറപ്പുപാലിക്കാത്തതിന്റെ കാരണം ചോദിക്കുവാനുള്ള കടമ പോലും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന ഗുരുതരമായ ആക്ഷേപമാണ് ജനങ്ങൾ ഉയർത്തുന്നത്.
കാന അലങ്കാരം;
മഴവെള്ളമൊഴുകുന്നത്
പ്രധാന പാതയിലൂടെ..!
കൊരട്ടി: ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയിൽ കൊരട്ടി - നാലുകെട്ട് പൊതുമരാമത്ത് റോഡിൽ എംഎഎം ഹയർസെക്കൻഡറി സ്കൂളിനു മുന്നിൽ ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ട്. ഓരങ്ങളിൽ ഡ്രെയിനേജ് ഉണ്ടെങ്കിലും മണ്ണും മാലിന്യംനിറഞ്ഞ നിലയിലാണ്. ഇതോടെയാണു വെള്ളം പ്രധാനപാതയിലൂടെ ഒഴുകിയത്. കൊരട്ടിയുടെ കിഴക്ക് - വടക്ക് ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന് ശമനമുണ്ടാകാനും ഗതാഗതം സാധാരണ നിലയിലാകാനും മണിക്കൂറുകളോളം വേണ്ടിവന്നു.
ആലത്തൂരില്‍ വീട് ഭാഗികമായി
തകര്‍ന്നു
കൊടകര: കനത്തമഴയില്‍ പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂരില്‍ വീട് ഭാഗികമായി തകര്‍ന്നുവീണു. ആലത്തൂര്‍ തുരുത്തുപറമ്പ് മൂന്നുസെന്റ്് നഗറിലെ കോരത്ത് വളപ്പില്‍ ശോഭനയുടെ ഓടിട്ട വീടിന്റെ മേല്‍ക്കൂരയാണു തകര്‍ന്നുവീണത്. ഇന്നലെ ഉച്ചയോടെയാണു വലിയ ശബ്ദത്തോടെ വീടിന്റെ മുന്‍ഭാഗം തകര്‍ന്നു നിലംപതിച്ചത്. ഈ സമയത്തു വീടിനുള്ളില്‍ ആളുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പോത്തന്‍ചിറയില്‍
വീടുകളില്‍ വെള്ളംകയറി
വെള്ളിക്കുളങ്ങര: കനത്തുപെയ്ത മഴയില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പോത്തന്‍ചിറ പ്രദേശത്ത് വീടുകള്‍ വെള്ളത്തിലായി. പതിവില്ലാത്തവിധം ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്ന് കുത്തിയൊലിച്ചെത്തിയ മഴവെള്ളം ഇവിടെയുള്ള വീടുകള്‍ക്കു ചുറ്റും നിറയുകയായിരുന്നു. ആറുവീടുകളുടെ തറപ്പൊക്കംവരെ വെള്ളം ഉയര്‍ന്നു. ചില വീടുകളുടെ തറയുടെ വശങ്ങളില്‍നിന്ന് കല്ലുകള്‍ ഇളകിപ്പോയി.
പോത്തന്‍ചിറയിലെ പോട്ടക്കാരന്‍ രാമായി വീടുനിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന മണലും മെറ്റലും മഴവെള്ളത്തില്‍ കുത്തിയൊലിച്ചുനഷ്ടപ്പെട്ടു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് വീടുകള്‍ക്കുചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ ഇവിടെയുള്ള കുടുംബങ്ങള്‍ പരിഭ്രാന്തി യിലായി. 2018ലെ പ്രളയകാലത്തുപോലും പോത്തന്‍ചിറ പ്രദേശത്ത് ഇങ്ങനെ വെള്ളം ഉയര്‍ന്നിട്ടില്ലെന്ന് പഞ്ചായത്തംഗം കെ.ആര്. ഔസേഫ് പറഞ്ഞു. രണ്ടുമണിക്കൂറിനകം വെള്ളം ഒഴുകിപ്പോയതു പ്രദേശവാസികള്‍ക്ക് ആശ്വാസമായി. വെള്ളിക്കുളങ്ങര വില്ലേജ് ഒാഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.