കയ്പമംഗലത്ത് അങ്കണവാടിയിൽ കുടിവെള്ളം കിട്ടാക്കനിയായിട്ട് നാലുമാസം
1581658
Wednesday, August 6, 2025 2:17 AM IST
കയ്പമംഗലം: കയ്പമംഗലത്ത് അങ്കണവാടിയിൽ കുടിവെള്ളം കിട്ടാക്കനിയായിട്ട് നാലു മാസമായി. വാട്ടർ അഥോറിറ്റിയും പഞ്ചായത്തും തമ്മിലുള്ള ശീതസമരമാണ് കുടിവെള്ളം മുട്ടിച്ചതെന്നാണ് ആരോപണം. കയ്പമംഗലം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ തനുശ്രീ അങ്കണവാടിയിലാണു പ്രശ്നം. പന്ത്രണ്ടു കുട്ടികളാണ് ഇവിടെയുള്ളത്. ഇവർക്കു ഭക്ഷണം പാകംചെയ്യാനും പ്രാഥമികകാര്യങ്ങൾ നിർവഹിക്കാനും വെള്ളമില്ലാത്ത അവസ്ഥയാണ്. നാട്ടിക ഫർക്ക ശുദ്ധജല പദ്ധതി മുഖേനയാണ് ഇവിടേക്ക് വെള്ളമെത്തിച്ചിരുന്നത്. എന്നാൽ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് ഇവിടേക്കുള്ള ശുദ്ധജലം കിട്ടാതായി.
വർഷങ്ങൾക്കുമുമ്പ് കാന പണിതപ്പോൾ കുടിവെള്ള വിതരണ പൈപ്പ് കാനയ്ക്കടിയിൽ പോയതിനാൽ അറ്റകുറ്റപ്പണി നടത്താൻ പറ്റാത്ത അവസ്ഥയാണെന്ന് വാട്ടർ അഥോറിറ്റി അധികൃതർ പറയുന്നത്. കോൺക്രീറ്റ് കാന പൊളിച്ച് പൈപ്പ് ശരിയാക്കേണ്ട സ്ഥിതിയായതോടെ വാട്ടർ അഥോറിറ്റി കണക്ഷൻ സ്റ്റോപ്പറിട്ട് നിർത്തുകയായിരുന്നു. പകരം അങ്കണവാടിക്കുസമീപം പൊതുടാപ്പ് സ്ഥാപിച്ച് കൊടുക്കുകയും ചെയ്തു. എന്നാൽ പല ദിവസങ്ങളിലും വെള്ളമില്ലാതായതോടെ ആഴ്ച്ചയിൽ 400 രൂപ കൊടുത്ത് വെള്ളം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയാണെന്ന് അങ്കണവാടി വർക്കർ സിന്ധു പറഞ്ഞു.
അങ്കണവാടി യിലേക്കും തൊട്ടടുത്ത നഗറിലേക്കുമുള്ള കുടിവെള്ള വിതരണ പൈപ്പ് മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നും ഇതിനുള്ള ഫണ്ട് പഞ്ചായത്ത് നൽകണമെന്നുമാണ് വാട്ടർ അഥോറിറ്റിയുടെ വാദം. ഇതിനായി നാലുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയാണ് വാട്ടർ അഥോറിറ്റി പഞ്ചായത്തിനു നൽകിയിരിക്കുന്നത്. എന്നാൽ ഇത്രയും തുകയുടെ ആവശ്യമില്ലെന്നും പൈപ്പ് മാറ്റി സ്ഥാപിക്കാൻ ഒന്നര ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെ ന്നും ഏറ്റവും വേഗത്തിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വാർഡ് മെമ്പർ വി.ബി. ഷെഫീക്ക് എന്നിവർ പറഞ്ഞു.
സിപിഐ പ്രതിഷേധം
കയ്പമംഗലം: തനുശ്രീ അങ്കണവാടിയിൽ കുടിവെള്ളം നിഷേധിക്കുന്നതിനെതിരെ സിപിഐ കാക്കാത്തുരുത്തി ബ്രാഞ്ചിന്റെ പ്രതിഷേധം. അങ്കണവാടിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ യോഗം സിപിഐ കയ്പമംഗലം ലോക്കൽ സെക്രട്ടറി ഇ. ആർ.ജോഷി ഉദ്ഘാടനം ചെയ്തു. അസി.സെക്രട്ടറി പി.കെ.റഹിം അധ്യക്ഷനായി. നൗഷാദ് കില്ലാഡി, അജിത് കൃഷ്ണൻ, ഇ.എസ്. സതീശൻ, അഷറഫ് തണ്ടാശേരി, സജിനി തുടങ്ങിയവർ പ്രസംഗിച്ചു.