തകർന്നുവീഴാറായ വീട്ടിൽ ഭയത്തോടെ വയോധികസഹോദരികള്
1581892
Thursday, August 7, 2025 1:07 AM IST
എരുമപ്പെട്ടി: മഴ കനത്തുപെയ്യുമ്പോൾ തകർന്നുവീഴാറായ വീട്ടിൽ ഭയത്തോടെ കഴിയുകയാണ് വയോധികരായ സഹോദരിമാർ. വെള്ളറക്കാട് പാരിക്കുന്നിൽ ചുള്ളിവളപ്പിൽ ഓമനയും കാർത്ത്യായനിയുമാണ് അധികൃതരുടെ അവഗണനയിൽ ദുരിതംപേറി കഴിയുന്നത്.
കടങ്ങോട് പഞ്ചായത്തിലെ ഏഴാംവാർഡിലാണ് ഓമന (75) യും കാർത്ത്യായനി(68)യും താമസിക്കുന്നത്. വാർധക്യസഹജമായ അസുഖത്തിൽ ഓമനയ്ക്ക് നടക്കാനും സ്വയംഎഴുന്നേറ്റിരിക്കാനും കഴിയാത്ത അവസ്ഥയാണ്. രണ്ടുപേരും അവിവാഹിതരായതിനാൽ സംരക്ഷിക്കാനും ആരുമില്ല. ഇവർ താമസിക്കുന്ന വീട് കാലപ്പഴക്കത്താൽ തകർന്ന് നിലംപൊത്താറായ സ്ഥിതിയിലാണ്. മണ്ണിഷ്ടികകൊണ്ട് നിർമിച്ച,
ഓടുമേഞ്ഞ വീട് പത്തുവർഷമായി വാസയോഗ്യമല്ല. ചുമരുകൾ പല ഭാഗങ്ങളിലും വിണ്ടുപൊട്ടി. മേൽക്കൂരയുടെ ഉത്തരങ്ങളും കഴുക്കോലുകളും പൊട്ടിയനിലയിലാണ്. ഓടുകൾ പൊട്ടിയതിനാൽ ടാർപോളിനുപയോഗിച്ച് മേൽക്കൂര മൂടിയാണ് ചോർച്ചതടയുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സനുമായ വാർഡ് മെമ്പർ രമണി രാജനോടും ഗ്രാമസഭയിലും നിരന്തരം അഭ്യർഥിക്കുന്നുണ്ടെങ്കിലും വീട് പുനർ നിർമാണത്തിന് പരിഗണിക്കുന്നില്ലെന്ന് ഇവർ പറയുന്നു.മുഖ്യമന്ത്രിയുടെ നവകേരളസദസിലും ഇവർ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ താമസയോഗ്യമായ വീടുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപേക്ഷ നിരസിക്കുന്നുവെന്നാണ് പിന്നീട് മറുപടി ലഭിച്ചത്. വീട് കാണാതേയും അവസ്ഥകൾ മനസിലാക്കാതേയുമാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത്.
ഒരു ദുരന്തത്തിനായി കാത്തുനിൽക്കാതെ എത്രയുംപെട്ടെന്ന് ഇവർക്ക് വീട് നിർമിച്ചുനൽകാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടു.
വയോധികസഹോദരിമാരുടെ ആരോപണം രാഷ്ട്രീയവിരോധം:
വാർഡ് മെമ്പർ
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ പാരിക്കുന്നിൽ താമസിക്കുന്ന വയോധികരായ സഹോദരിമാർക്ക് ലൈഫിൽ വീടുനൽകുന്നതിൽ താൻ അവഗണന കാണിച്ചൂവെന്ന ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് വാർഡ് മെമ്പർ രമണി രാജൻ അറിയിച്ചു.
ആദ്യതവണ ലൈഫിൽ വീടുനൽകാൻ താൻ മുൻകെെയെടുത്ത് അപേക്ഷനൽകിയെങ്കിലും സ്ഥലം ഇവരുടെ പേരിലായിരുന്നില്ല. തറവാട് വീടായതിനാൽ സഹോദരീസഹോദരൻമാർ ഉൾപ്പടെ സ്ഥലത്തിന് നിരവധി അവകാശികളുണ്ടായിരുന്നു. മൂന്നുസെന്റ് സ്ഥലം ഇവരുടെ പേരിലേക്ക് മാറ്റാൻ തയാറായില്ല.
അതുകൊണ്ടാണ് ലൈഫിൽ പരിഗണിക്കാതിരുന്നത്. ഇപ്പോൾ സ്ഥലം ഇവരുടെ പേരിലേക്ക് മാറ്റിയതിനാൽ ലൈഫിൽ പരിഗണിക്കാനാവശ്യമായ നടപടികളെടുത്തിട്ടുണ്ട്. നിലവിലെ വീടിന് അറ്റകുറ്റപ്പണിക്കായി ഫണ്ട് അനുവദിച്ചെങ്കിലും ഇവർ നിരസിച്ചു.
നവകേരളാസദസിലും വീടിനായി പുതിയ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 18 വർഷത്തോളമായി ആശ്രയപദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷ്യധാന്യക്കിറ്റുകൾ ഉൾപ്പടെയുള്ള സഹായങ്ങൾ കഴിഞ്ഞമാസംവരെ ചെയ്തിട്ടുണ്ട്. കുടിവെള്ള ടാങ്കും കട്ടിലും നൽകി. ഈ കുടുംബത്തോടൊപ്പം എന്നുംനിൽക്കുന്നതന്നെ രാഷ്ട്രീയവിരോധത്തിൽ അപകീർത്തിപ്പെടുത്താൻ ചിലർ നടത്തിയ ശ്രമമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും രമണി രാജൻ അറിയിച്ചു.