ദീപിക കളർ ഇന്ത്യ മത്സരം ഇന്ന്
1582155
Friday, August 8, 2025 1:19 AM IST
തൃശൂർ: ഇന്ത്യയെന്ന വികാരം ഹൃദയതാളമായി മാറുന്ന ദീപിക കളർ ഇന്ത്യ മത്സരം ഇന്ന്. രാജ്യസ്നേഹത്തിനൊപ്പം മയക്കുമരുന്നിനെതിരായ പ്രതിരോധമുയർത്തി കുട്ടികൾ രചിക്കുന്ന പുതുചരിത്രത്തിന് ഇന്നു രാജ്യം സാക്ഷ്യംവഹിക്കും. ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദീപിക നടത്തുന്ന കളർ ഇന്ത്യ സീസണ് ഫോർ മത്സരത്തിൽ രാജ്യമെന്പാടുംനിന്ന് പത്തു ലക്ഷത്തോളം വിദ്യാർഥികൾ നിറംചാർത്തും.
ലഹരിക്കെതിരേയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനുള്ള സന്ദേശവും കുട്ടികൾക്കു പകർന്നുനൽകാൻ ലക്ഷ്യമിട്ടാണ് ദീപികയും ദീപിക ബാലസഖ്യവും കൈകോർത്ത് കളർ ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കുചേരുന്ന എല്ലാവർക്കും പ്രശസ്ത സിനിമാതാരം മഞ്ജു വാര്യരുടെ കൈയൊപ്പുള്ള സർട്ടിഫിക്കറ്റുകൾ നൽകും.
മത്സരത്തിന്റെ തൃശൂർ ജില്ലാതല ഉദ്ഘാടനം രാവിലെ പത്തിനു കിഴക്കേകോട്ട നിർമലമാത സെൻട്രൽ സ്കൂളിൽ തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ നിർവഹിക്കും. കൽദായ സുറിയാനിസഭ അധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. കേരള പെയിന്റ്സ് ചെയർമാൻ ജോസഫ് ലിജോ, നിർമലമാത സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിൻസ മരിയ, ദീപിക റസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത്, സർക്കുലേഷൻ മാനേജർ കെ.എൽ. ഡേവിസ് എന്നിവർ പങ്കെടുക്കും.
കളർ ഇന്ത്യ ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിൽ തൃശൂർ റൂറൽ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ് നിർവഹിക്കും. ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് സിഎംഐ അധ്യക്ഷത വഹിക്കും.
ചാലക്കുടി മേഖലാതല ഉദ്ഘാടനം കുഴിക്കാട്ടുശേരി സെന്റ് മേരീസ് എൽപി സ്കൂളിൽ രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ഇട്ടൂപ്പ് കോനൂപ്പറന്പൻ നിർവഹിക്കും. ഇരിങ്ങാലക്കുട രൂപത ഡിഎഫ്സി ഡയറക്ടർ ഫാ. ജോൺ കവലക്കാട്ട് അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട രൂപത ഡിഎഫ്സി പ്രസിഡന്റ് ജോസഫ് വാസുപുരത്തുകാരൻ, ദീപിക കോഓർഡിനേറ്റിംഗ് എഡിറ്റർ ഫാ. റിന്റോ പയ്യപ്പിള്ളി എന്നിവർ പങ്കെടുക്കും.
ഗുരുവായൂർ മേഖലാതല ഉദ്ഘാടനം ബ്രഹ്മകുളം സെന്റ് തെരേസാസ് സിജിഎച്ച്എസിൽ കേരള ചിത്രകല അക്കാദമി അംഗം അജിത്ത് സ്മൂത്ത് നിർവഹിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡെയ്സ് മരിയ എഫ്സിസി അധ്യക്ഷത വഹിക്കും.
പറപ്പൂർ മേഖലാതല ഉദ്ഘാടനം ചൊവ്വന്നൂർ സെന്റ് മേരീസ് ജിഎച്ച്എസിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ നിർവഹിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡോ. വിന്നി സിഎസ്സി അധ്യക്ഷത വഹിക്കും. ആർട്ടിസ്റ്റ് ഗോപീകൃഷ്ണൻ മുഖ്യാതിഥിയാകും.
ഒല്ലൂർ മേഖലാതല ഉദ്ഘാടനം വേലൂപ്പാടം സെന്റ് പയസ് ടെൻത്ത് കോൺവന്റ് സ്കൂളിൽ ആർട്ടിസ്റ്റ് ഡേവിസ് നിർവഹിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ റെനി തെരേസ് സിഎംസി അധ്യക്ഷത വഹിക്കും.