ഡെപ്യൂട്ടി മേയറുടെ ശുചിമുറിയിൽ വെള്ളംമുടക്കി പകവീട്ടുന്നു: രാജൻ പല്ലൻ
1582153
Friday, August 8, 2025 1:19 AM IST
തൃശൂർ: കോർപറേഷൻ ഡെപ്യൂട്ടി മേയറുടെ ചേംബറിലെ ശുചിമുറിയിൽ വെള്ളംമുടക്കി മേയറും എൽഡിഎഫ് നേതാക്കളും പകവീട്ടുന്നെന്നു പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ. ഈയിടയായി കോർപറേഷൻ കൗണ്‍സിൽ യോഗങ്ങളിൽ ഭരണനേതൃത്വത്തിനെതിരേ ഡെപ്യൂട്ടി മേയർ എം.എൽ. റോസി നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് ശുചിമുറിയിലെ വെള്ളപ്രശ്നം പരിഹരിക്കാത്തത്.
ഡെപ്യൂട്ടി മേയറുടെ ചേംബറിൽപോലും വെള്ളംനൽകാൻ സാധിക്കാത്ത കോർപറേഷൻ ഭരണകൂടം എങ്ങനെയാണ് സാധാരണ ജനങ്ങൾക്കു കുടിവെള്ളം ലഭ്യമാക്കുക. ഇത്തരം പ്രവൃത്തികൾ സാംസ്കാരികതലസ്ഥാനത്തിന് അപമാനകരമാണ്. എൽഡിഎഫ് ഭരണസമിതിയിലെ തമ്മിൽത്തല്ലും ഭിന്നതയുമാണു മറനീക്കി പുറത്തുവരുന്നതെന്നും രാജൻ പല്ലൻ പറഞ്ഞു.
ശുചിമുറിയിൽ വെള്ളം മുടങ്ങിയതിനെതിരേ രൂക്ഷമായ ഭാഷയിലാണ് ഡെപ്യൂട്ടി മേയർ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ഞാനെന്ന ഭാവമാണു മേയർക്കെന്നും ഭരണത്തിൽ കൂട്ടായ്മയില്ലെന്നും വർഗീസ് കണ്ടംകുളത്തിക്കൊപ്പം ചേർന്നു സ്വയംഭരണമാണു നടപ്പാക്കുന്നതെന്നും എം.എൽ. റോസി ആരോപിച്ചു.
ഒന്നരക്കോടി ചെലവിട്ടു നിർമിച്ച അരിസ്റ്റോ റോഡിന്റെ ഉദ്ഘാടനം മന്ത്രി ബിന്ദുവാണു നടത്തേണ്ടതെന്ന് അറിഞ്ഞില്ല. കോണ്‍ഗ്രസ് കൗണ്‍സിലർമാർ പറഞ്ഞതുകൊണ്ടാണു പോയതെന്നും അവർ പറഞ്ഞു.
ശുചിമുറിയുടെ വെള്ളംമുടക്കൽ;
ആരോപണം തള്ളി മേയർ
തൃശൂർ: ശുചിമുറിയുടെ വെള്ളംമുടക്കിയെന്ന ഡെപ്യൂട്ടി മേയർ എം.എൽ. റോസിയുടെ ആരോപണങ്ങൾ തള്ളി മേയർ എം.കെ. വർഗീസ്.
""ഡെപ്യൂട്ടി മേയറുടെ മുറിക്കു മാത്രമായി പ്രത്യേകം ടാങ്കില്ല. മേയറുടെ മുറിയിൽ വെള്ളംവന്നാൽ ഡെപ്യൂട്ടി മേയറുടെ മുറിയിലും വെള്ളംവരും. ഞാനായിട്ട് ആർക്കും ഒരു ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടില്ല. എനിക്കു ഞാനെന്ന ഭാവം ഉണ്ടെന്ന അവരുടെ വാക്കിൽ കഴന്പില്ല'', അദ്ദേഹം പറഞ്ഞു.