പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ഉദ്യോഗസ്ഥ സംഘമെത്തി
1582163
Friday, August 8, 2025 1:19 AM IST
മൂന്നുമുറി: മറ്റത്തൂര്‍ പഞ്ചായത്തില്‍ പ്രാദേശിക ടൂറിസംപദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഡിടിപിസി ഉദ്യോഗസ്ഥസംഘം ഇന്നലെ കുഞ്ഞാ ലിപ്പാറ പ്രദേശം സന്ദര്‍ശിച്ചു.
ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന ടൂറിസം പ്രോജക്ടിനുവേണ്ടി വിശദമായ റിപ്പോര്‍ട്ട് തയാറാക്കുന്നതിനായാണു ടൂറിസം പ്രമോഷന് കൗണ്‍സിലില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കുഞ്ഞാലിപ്പാറയിലെത്തിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.സി. പ്രേംഭാസ്, ഡിടിപിസി സെക്രട്ടറി സി. വിജയരാജ്, സി എര്‍ത്ത് ആര്‍ക്കിടെക്ട് സി.പി. സുനില്‍ എന്നിവരടങ്ങിയ സംഘമാണ് ഇവിടെയെത്തി സാധ്യതാപഠനം നടത്തിയത്.
ഡിടിപിസിയും മറ്റത്തൂര്‍ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാകുന്നത്. ഇതിനായി നേരത്തെ മറ്റത്തൂര്‍ പഞ്ചായത്ത് തയാറാക്കിയ ഡി പിആറില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം തയാറാക്കി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും കളക്ടറുടെ അംഗീകാരം ലഭിച്ചാല്‍ ഈ 31നകം വിശദമായ റിപ്പോര്‍ട്ട് തയാറാക്കി വകുപ്പുതല അനുമതിക്കു സമര്‍പ്പിക്കുമെന്നും അനുമതി ലഭിച്ചാലുടന്‍ പദ്ധതിയുടെ നിര്‍മാണജോലികള്‍ ആരംഭിക്കുമെന്നും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.സി. പ്രേംഭാസ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ സഞ്ചാരികള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഊന്നല്‍ നല്‍കുക. ഏകദേശം ഒരു കോടിരൂപയോളമാണു പദ്ധതിക്കു ചെലവുപ്രതീക്ഷിക്കുന്നത്. നാടിന് ഉണര്‍വേകുന്ന മികച്ച പദ്ധതിയായി കുഞ്ഞാലിപ്പാറ ടൂറിസം മാറുമെന്ന് വാര്‍ഡ് മെംബര്‍ എം.എസ്. സുമേഷ് പറഞ്ഞു.