വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ ഇനിയില്ല; പകരം അകമലയിൽ
1582147
Friday, August 8, 2025 1:19 AM IST
വടക്കാഞ്ചേരി: കാട്ടാനയുൾപ്പടെയുള്ള വന്യജീവികളുടെശല്യം വർധിച്ച സാഹചര്യത്തിൽ വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ ഒഴിവാക്കുന്നതോടെ മലയോരകർഷകർക്ക് ദുരിതമായി.
സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് മൂന്നു ദിവസങ്ങൾക്കകം അകമല സ്റ്റേഷനിലെത്തണമെന്നാണ് ഡിഎഫ്ഒ ഉത്തരവിറക്കിയിരിക്കുന്നത്. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന അകമല ഫോറസ്റ്റ്സ്റ്റേഷൻ ഉടൻ ക്ലീൻ ചെയ്ത് വ്യത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
അകമല ഫോറസ്റ്റ്സ്റ്റേഷൻപുനഃസ്ഥാപിക്കുന്നതോടെ വന്യമൃഗശല്യം രൂക്ഷമായ വടക്കാഞ്ചേരി, മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര ഉൾപ്പടെയുള്ള മേഖലയിലേക്ക് ജീവനക്കാർക്ക് അതിവേഗം എത്താൻ കഴിയുമെന്നതിനാലാണ് വാഴാനിയിൽ നിന്നും അകമലയിലേക്ക് മാറ്റുന്നതെന്ന് മച്ചാട് റെഞ്ച് ഫോറസ്റ്റ് ഓഫീസർ അജിൽ പി വേണുഗോപാൽ പറഞ്ഞു.
നിരന്തരമായി കാട്ടാന ഉൾപ്പടെയുള്ള വന്യജീവിശല്യം രൂക്ഷമായ തെക്കുംകരയിലെ വനമേഖലയോടുചേർന്നുകിടക്കുന്ന വാഴാനി, കൊളത്താശേരി, പേരേപാടം, വീരോലിപ്പാടം, മലാകം, കുറ്റിക്കാട് എന്നി പ്രദേശങ്ങളിലെ കർഷകർ സ്റ്റേഷൻമാറ്റുന്നതോടെദുരിതത്തിലാകും.
വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ നിലനിർത്താനുള്ള സംവീധാനം ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്് സണ്ണി മാരിയിൽ, മണ്ഡലം പ്രസിഡന്റ് എം.എസ്. ഗിരീഷ് എന്നിവർ അറിയിച്ചു.