വിരുപ്പാക്ക മിൽ മുൻ ജീവനക്കാരൻ ട്രെയിൻതട്ടി മരിച്ചനിലയിൽ
1584954
Tuesday, August 19, 2025 11:20 PM IST
വടക്കാഞ്ചേരി: വിരുപ്പാക്ക സ്വദേശിയെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. വാഴാനി വിരുപ്പാക്ക ഗ്രാമല സ്വദേശി കോട്ടയിൽ വീട്ടിൽ പരേതനായ രാഘവൻ മകൻ അശോകൻ(67) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് അത്താണി കെൽട്രോണിനു സമീപമായിരുന്നു അപകടം.
വിരുപ്പാക്ക സഹകരണമില്ലിൽ നിന്ന് വിരമിച്ച ജീവനക്കാരനാണ് അശോകൻ. സാമ്പത്തികബുദ്ധിമുട്ടാണ് മരണകാരണമെന്ന് ഒപ്പം പ്രവർത്തിച്ചിരുന്ന തൊഴിലാളികൾ പറഞ്ഞു. പിഎഫ് ഉൾപ്പടെ നിരവധി ആനുകൂല്യങ്ങൾ ഇയാൾക്ക് കമ്പനിയിൽ നിന്നു ലഭിക്കാനുണ്ടെന്നും മറ്റു ജീവനക്കാർ പറഞ്ഞു.
കമ്പനി അടച്ചുപൂട്ടിയിട്ടു വർഷങ്ങൾ കഴിഞ്ഞെങ്കിലും തുറക്കാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മില്ലിൽ പ്രവർത്തിച്ചിരുന്ന 300 ഓളം തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണന്നും തൊഴിലാളികൾ പറഞ്ഞു.
അശോകന്റെ സാമ്പത്തികബുദ്ധിമുട്ട് മൂലം മില്ലിന്റെ പ്രവർത്തന കാലയളവിൽ കമ്പനി എംഡിയുടെ റൂമിനു മുന്നിൽ തനിക്ക് മില്ലിൽ നിന്നു കിട്ടാനുള്ള പണം ഉടൻ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോളോഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംസ്കാരം നടത്തി.