ഭാര്യയുടെ മാതാപിതാക്കളെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
1585027
Wednesday, August 20, 2025 1:14 AM IST
അന്തിക്കാട്: വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യയുടെ മാതാപിതാക്കളെ ആക്രമിച്ച് മാനഹാനി വരുത്തുകയും കാർ തല്ലിപ്പൊളിക്കുകയും ചെയ്തകേസിൽ ഭർത്താവ് അറസ്റ്റിൽ. തളിക്കുളം കച്ചേരിപ്പടി സ്വദേശി കുന്നത്തുപറമ്പിൽ വീട്ടിൽ ഷക്കീറിനെയാണ് (32 ) തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകീട്ട് ആറോടെയാണ് ഷക്കീറിന്റെ ഭാര്യ താമസിക്കുന്ന പുത്തൻപീടികയിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇടിവളകൊണ്ട് ഷക്കീർ ഭാര്യയുടെ അമ്മയേയും അച്ഛനേയും ആക്രമിച്ചത്. മാനഹാനി വരുത്തുകയും വീട്ടിലുണ്ടായിരുന്ന മറ്റ് സ്ത്രീകളെയും അസഭ്യം പറയുകയും വീട്ടിലുണ്ടായിരുന്ന കാർ തല്ലിപ്പൊളിച്ച് നാശനഷ്ടം വരുത്തുകയും ചെയ്യുകയായിരുന്നു. ഷക്കീറിന്റെ ഭാര്യയുടെ അമ്മയുടെ പരാതിയിൽ അന്തിക്കാട് പൊലീസാണ് കേസെടുത്തത്. യുവതി ഷക്കീറുമായി വേർപിരിഞ്ഞ് കഴിയുന്നതിന്റെ വൈരാഗ്യത്താലാണ് ആക്രമണം നടത്തിയത്.
അന്തിക്കാട് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സരിൻ, എസ്ഐ അഫ്സൽ, ജിഎസ്ഐ സജീവ്, ജിഎഎസ്ഐ ബിനു തോമസ്, ജിഎസ്സിപിഒ ഷാനവാസ്, സിപിഒ ഷാജഹാൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.