എഴുത്തുകൊണ്ട് തിരിച്ചുപിടിക്കേണ്ടതു സാംസ്കാരികതനിമയെ: ടെന്സിന് സ്യുണ്ട്യു
1585508
Thursday, August 21, 2025 8:14 AM IST
ഇരിങ്ങാലക്കുട: എഴുതുന്നതു മറവിയിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുന്ന ഒരു നാടിന്റെ സംസ്കാരവും ഭാഷയും ഓര്മിക്കപ്പെടാനാണെന്നു ടിബറ്റന്‍ കവി ടെന്സിന് സ്യുണ്ട്യു.
ഇന്ത്യയില്‍ ജനിച്ചുവളരുന്ന ഇന്ത്യക്കാരല്ലാത്ത ടിബറ്റന്‍ ജനതയ്ക്ക് അവരുടെ ഭാഷയു ടെ സ്വാഭാവിക ചുറ്റുപാടികളില്ല. സ്വന്തം നാടിന്റെ വേരുകളില്ല. അധിനിവേശം നടത്തുന്ന ചൈനക്കെതിരേ ആയുധം കൊണ്ടല്ല, മഹത്തായ ഭാരതീയ ആദര്‍ശമായ അഹിംസ മുറുകെപ്പിടിച്ച് ഭാഷകൊണ്ടു പ്രതിരോധിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് സ്യുണ്ട്യു പറഞ്ഞു.
ഇരിങ്ങാലക്കുട സെന്റ്് ജോസഫ്സ് കോളജിലെ ഇംഗ്ലീഷ് അസോസിയേഷന് ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു എഴുത്തുകാരന് സ്വന്തം ഭാഷയെയും സ്വത്വത്തെയും തിരിച്ചറിയേണ്ടതുണ്ട്. തന്റെ ശൈലിയെയും ശബ്ദത്തെയും തിരിച്ചറിഞ്ഞാലേ എഴുത്തുവഴികളില്‍ വേറിട്ടുനില്ക്കാനാവൂ. നിരീക്ഷണങ്ങളിലൂടെയും വ്യക്തമായ കാഴ്ചപ്പാടുകളിലൂടെയും സംവദിക്കാനാവണം. ക്രിയാത്മക വിമര്‍ശനങ്ങളിലൂടെ വേണം നല്ല എഴുത്തുകാര്‍ രൂപപ്പെടേണ്ടത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സാജോ ജോസ്, ആന്മേരി അനില്‍, റെയ്ച്ചല്‍ റോസ്, അസോസിയേഷന് സെക്രട്ടറി മറിയം ഹംസ എന്നിവര്‍ പ്രസംഗിച്ചു. ബിരുദ ബിരുദാനന്തര വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ നേഹ ഡേവിസ്, അഹ്സന മറിയം എന്നിവര്‍ക്ക് ഉപഹാരം സമ്മാനിച്ചു.
യുജിസി ജെആര്‍എഫ് നേട്ടം സ്വന്തമാക്കിയ ആന്‍ജലീന ബിജു, യുജിസി നെറ്റ് നേടിയ ലയ കൃഷ്ണ എന്നിവരെ ആദരിച്ചു.