മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലം: ടോപ്പോഗ്രാഫിക് സർവേ ആരംഭിച്ചു
1585502
Thursday, August 21, 2025 8:10 AM IST
വടക്കാഞ്ചേരി: മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന്റെ അലൈൻമെന്റ് തയാറാക്കുന്നതിനുള്ള ടോപ്പോഗ്രഫിക്കൽ സർവേ ആരംഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. അലൈൻമെന്റ് കടന്നുപോകുന്ന പ്രദേശത്ത് നിലവിലുള്ള റെയിൽവേ ട്രാക്കുകളുടെയും റോഡുകളുടെയും വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ഘടനയും ഗ്രൗണ്ട് ലെവലും ടോപ്പോഗ്രഫിക്കൽ സർവേയിൽ രേഖപ്പെടുത്തും. വയലുകളും തോടുകളും മറ്റു ജലസ്രോതസുകളും സർവേയുടെ ഭാഗമാകും.
സർവേ പൂർത്തിയാക്കി സാങ്കേതികവശങ്ങളും സാമൂഹികാഘാതവും പരിഗണിച്ചാണ് മേൽപ്പാലത്തിന്റെ അലൈൻമെന്റ് തയാറാക്കുക. അലൈൻമെന്റ് തയാറായാൽ മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ്(ജിഎഡി) പൂർത്തിയാക്കി റെയിൽവേ അധികൃതർക്ക് സമർപ്പിക്കും. ജിഎഡിക്ക് റെയിൽവേയിൽ അംഗീകാരം ലഭിച്ചതിനുശേഷംമാത്രമേ അപ്രോച്ച് റോഡിന്റെ അലൈൻമെന്റ് അന്തിമമാക്കാനാകൂ.