തെരുവുനായ ആക്രമണം; പരിക്കേറ്റവർക്കു ചികിത്സാസഹായം നൽകിയില്ലെങ്കിൽ നഗരസഭാ ഓഫീസിൽ സമരം
1585019
Wednesday, August 20, 2025 1:14 AM IST
ചാലക്കുടി: തെരുവുനായയുടെ കടിയേറ്റ് ഗുരുതരപരിക്കേറ്റവര്ക്ക് ചികിത്സാസഹായം നൽകിയില്ലെങ്കിൽ തിരുവോണദിവസം നഗരസഭ ഓഫീസിൽ സമരംനടത്തുമെന്ന് പ്രതിപക്ഷനേതാവ് സി.എസ്. സുരേഷ്.
ചികിത്സാസഹായം നല്കാത്തകാര്യത്തില് ചെയര്‍മാന്റെ വാദം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സി.എസ്. സുരേഷ് പറഞ്ഞു. മെയ് 16ന് ചാലക്കുടി നഗരസഭ പതിന്നാലാംവാര്‍ഡില്‍ തെരുവുനായയുടെ കടിയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സതേടിയ മൂന്നുപേരില്‍ രണ്ടുപേര്‍ മെയ് 29നും ഒരാള്‍ മെയ് 30നും ചാലക്കുടി നഗരസഭാസെക്രട്ടറിയുടെ പേരില്‍ ചികിത്സാസഹായത്തിനായി അപേക്ഷ നല്‍കിയിരുന്നു.
നായയുടെ കടിയേറ്റവരെ താലൂക്കാശുപത്രിയില്‍ സന്ദര്‍ശിച്ച നഗരസഭ ചെയര്‍മാനും എംഎല്‍എയും ആവശ്യമായ ഏതുചികിത്സയും തെരഞ്ഞെടുക്കാമെന്നും ചികിത്സാച്ചെലവ് നഗരസഭ തരുമെന്നും വാഗ്ദാനംചെയ്തു.
മൂന്നുമാസം പിന്നിട്ടിട്ടും ചികിത്സാസഹായം നല്‍കിയില്ലെന്ന് മാത്രമല്ല കൊടുക്കാതിരിക്കുന്നതിനെ ന്യായീകരിക്കുന്ന നിലപാടാണ് ചെയര്മാന് സ്വീകരിക്കുന്നതെന്നും സി.എസ്. സുരേഷ് പറഞ്ഞു. കടിയേറ്റവര്‍ ചെയര്മാന് റിലീഫ് ഫണ്ടിലേക്കാണ് അപേക്ഷനല്കിയതെന്ന ചെയര്‍മാന്റെ വാദം തീര്ത്തുംതെറ്റാണ്.
തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് എത്രയും വേഗം ചികിത്സാസഹായം നല്‍കിയില്ലെങ്കില്‍ തിരുവോണനാളില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കടിയേറ്റവരേയും പങ്കെടുപ്പിച്ച് സമരം സംഘടിപ്പിക്കുമെന്നും സി.എസ്. സുരേഷ് പറഞ്ഞു.