മേളപ്രമാണി ചൊവ്വല്ലൂര്‍ മോഹനവാര്യര്‍ക്ക് വീരശൃംഖല സമ്മാനിച്ചു
1585625
Friday, August 22, 2025 1:39 AM IST
ഗുരുവായൂര്‍: മേളപ്രാമാണി ചൊവ്വല്ലൂര്‍ മോഹനവാര്യര്‍ക്ക് വാദ്യകലാകാരന്മാരുടേയും ആസ്വാദകരുടേയും സാനിധ്യത്തിൽ ഗുരുവായൂരിന്റെ വീരശൃംഖല സമ്മാനിച്ചു. ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ കോഴിക്കോട് സാമൂതിരിയുടെ പ്രതിനിധി ഗിരിധർ വർമ വീരശൃംഖല അണിയിച്ചു.
കഥകളി കുലപതി കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു.കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാര്യർ അധ്യക്ഷനായി. മേളപ്രാമാണിമാരായ മട്ടന്നൂര്‍ ശങ്കരന്‍ക്കുട്ടിയും പെരുവനം കുട്ടന്മാരാരും ചേര്‍ന്ന് മോഹനവാര്യര്‍ക്ക് ഉപഹാരവും നല്കി. മുതിര്‍ന്ന മേളം കലാകാരന് കിഴക്കൂട്ട് അനിയന്മാരാര് കീര്‍ത്തിചക്രവും നാദസ്വരം വിദ്വാന് തിരുവിഴ ജയശങ്കര്‍ കീര്ത്തിശംഖും സമ്മാനിച്ചു.
മമ്മിയൂര്‍ ദേവസ്വം ചെയര്മാന് ജി.കെ. പ്രകാശന്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് കുമാര്‍, എന്‍.പി. വിജയകൃഷ്ണന്, വി. കലാധരന്‍, ജയരാജ് വാര്യര്‍, അന്തിക്കാട് പദ്മനാഭന്, വി.പി. ഉണ്ണികൃഷ്ണന്, ഗുരുവായൂര്‍ മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു. രാത്രി മട്ടന്നൂര്‍ ശങ്കരന്‍ക്കുട്ടിയും മക്കളായ മട്ടന്നൂര്‍ ശ്രീകാന്തും മട്ടന്നൂര്‍ ശ്രീരാജും ചേര്‍ന്ന് തായമ്പക അവതരിപ്പിച്ചു.